എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ 30ാം വാര്‍ഷികത്തിന് വെള്ളിയാഴ്ച തുടക്കം
എഡിറ്റര്‍
Tuesday 27th March 2012 10:59am

ജിദ്ദ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന മുപ്പതാം വാര്‍ഷിക പരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കം. ‘മുന്നേറ്റത്തിന്റെ മുപ്പതാണ്ട്’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സഊദി മതകാര്യ നിയമ വകുപ്പുകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 30ന് വെള്ളിയാഴ്ച നടക്കും. ശറഫിയയിലെ ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്ത് വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രശസ്തരും സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

നവോത്ഥാന സമ്മേളനം, യുവജന സമ്മേളനം, വനിതാ സംഗമം, ടീന്‍സ് മീറ്റ്, ബാല സമ്മേളനം, നോണ്‍ കേരളൈറ്റ്‌സ് മീറ്റ്, സാഹിത്യ സദസ്, മലയാളി സംഘടനാ നേതാക്കളുടെ സംഗമം, ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, ദ ട്രൂത്ത് ദഅവ ക്യാംപ്, മീഡിയ വര്‍ക്ക്‌ഷോപ്പ്, നേതൃപരിശീലന ക്യാമ്പ്, ഫോക്കസ് ഇക്കോ സെനറ്റ്, പരിസ്ഥിതി ചിത്രരചനാ മത്‌സരം, പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമുള്ള വ്യക്തിത്വ വികസന ക്ലാസുകള്‍, പിക്‌നിക്, കായിക മത്‌സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ജൂണ്‍ 30നകം സമയബന്ധിതമായി നടത്തുമെന്ന് ചെയര്‍മാന്‍ സലാഹ് കാരാടനും ജനറല്‍ കണ്‍വീനര്‍ അഹ്മദ് കുട്ടി മദനിയും പറഞ്ഞു.

സാധാരണക്കാരായ പ്രവാസികളെ ഉദ്ദേശിച്ചു കൊണ്ടുള്ള ഐ.ടി സെമിനാര്‍, സാമ്പത്തികാസൂത്രണ സെമിനാര്‍ എന്നിവ കൂടി പരിപാടികളില്‍ ഉള്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ബാലവേദിയുടെ ‘മഞ്ചാടി’യും ‘മൈലാഞ്ചി’യും, സ്പീക്കേഴ്‌സ് & റൈറ്റേഴ്‌സ് ഫോറത്തിന്റെ ‘പടവുകള്‍’ മാഗസിനും പ്രകാശനം നിര്‍വഹിക്കും. വിവിധ പരിപാടികളില്‍ സഊദിയിലേയും കേരളത്തിലേയും പ്രമുഖരായ നേതാക്കളും പണ്ഡിതരും പങ്കെടുക്കും.

നിയമാനുസൃതം ലൈസന്‍സോടു കൂടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജിദ്ദയിലെ മുതിര്‍ന്ന മലയാളി സമാജമായ ഇസ്‌ലാഹി സെന്ററിന്റെ മുപ്പതാം വാര്‍ഷിക ഉദ്ഘാടനം വീക്ഷിക്കുവാന്‍ കക്ഷിഭേദമന്യേ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും വിശാലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

സ്വാഗതസംഘം യോഗത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സലാഹ് കാരാടന്‍, അഹ്മദ് കുട്ടി മദനി പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് സ്വാഗതവും ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.

Advertisement