ന്യൂദല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് ഹോക്കി ഇന്ത്യ നല്‍കിയ പ്രതിഫലത്തുക ഇന്ത്യന്‍ ഹോക്കി ടീം നിരസിച്ചു. ഹോക്കി ഇന്ത്യ ടീമിന് നല്‍കിയത് 25,000 രൂപ മാത്രമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹോക്കി ടീം പ്രതിഫലത്തുക നിരസിച്ചത്.

ടീമംഗങ്ങള്‍ക്ക് 25,000 രൂപനല്‍കുമെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌പോട്‌സ് മന്ത്രി അജയ് മക്കന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു പ്ലെയിംങ് കിറ്റ് വാങ്ങാന്‍ പോലും തികയാത്ത തുക തങ്ങള്‍ക്ക് വേണ്ടെന്ന് ടീമംഗങ്ങള്‍ അറിയിച്ചു.

ഫൈനലില്‍ പരമ്പരാഗത വൈരിയായ പാക്കിസ്ഥാനെ കടുത്ത പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയ പ്രകടനത്തിന് യാതൊരു അംഗീകാരവും നല്‍കിയിട്ടില്ലെന്ന് ടീം ക്യാപ്റ്റന്‍ രാജ്പാല്‍ സിംങ് പറഞ്ഞു. ഇന്ത്യയുടെ ദേശീയ കളിയായ ഹോക്കിയെ പുനരുജ്ജീവിപ്പിക്കുമെന്ന പൊള്ളയായ പ്രഖ്യാപനം നല്‍കുകയല്ലാതെ രാജ്യത്തെ കായികമന്ത്രാലയം ഒന്നുംചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഞങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കായികമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ ടീമിന് പ്രചോദനം നല്‍കുന്ന ഒന്നായി മാത്രം സമ്മാനതുകയെ കാണാനാവില്ല. ദേശീയ കളിയോടുള്ള താല്‍പര്യത്തോടെ മുന്നോട്ടേക്ക് വരുന്ന പുതിയ കളിക്കാര്‍ക്കും ഇതൊരു പ്രോത്സാഹനമാവേണ്ടതുണ്ട്’- രാജ്പാല്‍ പറഞ്ഞു.

25,000 രൂപ കൊടുക്കാനുള്ള തീരുമാനം സര്‍ക്കാരിന്റേതായിരുന്നില്ല, ഹോക്കി ഫെഡറേഷന്റേതായിരുന്നെന്നാണ് കായികമന്ത്രിയുടെ വിശദീകരണം.