ന്യൂദല്‍ഹി: ഒളിമ്പിക്‌സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സന്ദീപ് സിംഗിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം.  പഞ്ചാബി സിനിമയായ ‘ആജ് ദെ രംഗ്‌ദെ’ യില്‍ അതിഥി താരമായി അഭിനയിക്കാനാണ് ഡ്രാഗ് ഫ്‌ളിക്കറായ സന്ദീപിനു ക്ഷണം ലഭിച്ചത്. ബോളിവുഡ് സിനിമാട്ടോഗ്രാഫറായ മന്‍മോഹന്‍ സിംഗാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഒളിമ്പിക് ഹോക്കി യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ താരമായ സന്ദീപ് സിംഗിന്റെ പ്രകടനത്തില്‍ സംവിധായകന്‍ ആകൃഷ്ടനായിരുന്നു. അക്കാരണത്താലാണ് സന്ദീപിനെ സിനിമയിലേക്ക് ക്ഷണിച്ചതെന്നാണ് അറിയുന്നത്.

എന്നാല്‍ സിനിമയിലെ നായകനായ ഗുര്‍പ്രീത് ഗൂഗി അടുത്ത സുഹൃത്താണെന്നും, അഭിനയിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കാനായില്ലെന്നുമാണ് സന്ദീപ് പറയുന്നത്. സിനിമയില്‍ സജീവമാകാനൊന്നും താത്പര്യമില്ല. എന്റെ ലോകം ഹോക്കിയാണ്. ഞാന്‍ എന്റെ ശ്രദ്ധമുഴുവന്‍ ആ മേഖലയിലേക്കാണ് കേന്ദ്രീകരിച്ചത്. എനിയ്ക്ക് അഭിനയിച്ച് പരിചയമൊന്നുമില്ല. എന്തായാലും സിനിമയിലേക്ക് ക്ഷണം ലഭിച്ചത് സന്തോഷമാണ്.

എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണെങ്കില്‍ ഒരുകൈ നോക്കും. എന്തായാലും ഹോക്കി വിട്ട് കളിയില്ല. ഇനി ഒളിംപിക്‌സ് മത്സരം മുന്നിലുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ്. സിനിമയില്‍ തുടര്‍ന്നുപോകണമെന്നൊന്നുമില്ല. – സന്ദീപ് പറഞ്ഞു.

ഒളിമ്പിക് ഹോക്കി യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ 16 ഗോളുകളടിച്ച സന്ദീപ് ടോപ് സ്‌കോററായിരുന്നു. ഫ്രാന്‍സിനെതിരേ നടന്ന ഫൈനലില്‍ ഹാട്രിക് അടക്കം അഞ്ചു ഗോളുകളും സന്ദീപ് അടിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് ടിര്‍ക്കി മുന്‍പ് ഒരു ഒറിയ സിനിമയില്‍ അഭിനയിച്ചിരുന്നു.

Malayalam news

Kerala news in English