എഡിറ്റര്‍
എഡിറ്റര്‍
വയസ് 78 ആയെങ്കിലും ഈ മുത്തശ്ശിക്ക് ഉന്നം പിഴച്ചിട്ടില്ല
എഡിറ്റര്‍
Friday 23rd March 2012 10:49am

78 വയസായ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് കണ്ണടയില്ലാതെ പുറത്തിറങ്ങാന്‍ പോലും കഴിയില്ല എന്ന സ്ഥിതിയാണിപ്പോള്‍. ഉറങ്ങുമ്പോള്‍ മാത്രമാണ് ഇവരില്‍ പലരും കണ്ണടയൂരുന്നത്. എന്നാല്‍ 78 കാരിയായ ചന്ത്രോ തോമറിന് കണ്ണടയോട് പരമ പുച്ഛമാണ്. എന്തെന്നല്ലേ സമപ്രായക്കാര്‍ പവറില്ലാത്ത കണ്ണുമായി നടക്കുമ്പോള്‍ ചെറുപ്പക്കാരെ വെല്ലുന്ന പവറാണ് പുള്ളിക്കാരിക്ക്.

തീര്‍ന്നില്ല ഇവരുടെ വിശേഷങ്ങള്‍. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഷാര്‍പ്പ്ഷൂട്ടറാണ് ചന്ത്രോ. ആറ് കുട്ടികളും 15 കൊച്ചുമക്കളുമുള്ള ഇവര്‍ 25 ദേശീയ ചാമ്പ്യന്‍ഷിപ്പുകളും നേടിയിട്ടുണ്ട്.

‘ എന്റെ ജീവിതത്തില്‍ ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണം. അതുവഴി എന്റെ കഴിവുകള്‍ ആളുകള്‍ക്ക് കാണിച്ചുകൊടുക്കണം.’ ഷാര്‍പ്പ് ഷൂട്ടര്‍ ആയതിനെക്കുറിച്ച് ചന്ത്രോ പറയുന്നു.

ആദ്യമായി ഞാന്‍ ഷൂട്ട് ചെയ്തപ്പോള്‍ വലിയ പേടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായം എനിക്കൊരു തടസമല്ലെന്ന് എല്ലാവര്‍ക്കും മുന്നില്‍ ഞാന്‍ തെളിയിച്ചിരിക്കുകയാണ്. നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ എല്ലാം ചെയ്യാന്‍ കഴിയും.

പത്ത് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ജോഹ്‌രി ഗ്രാമത്തിലുള്ള പ്രാദേശിക ഫയറിംഗ് റെയ്ഞ്ചിലേക്ക് കൊച്ചുമകള്‍ക്കൊപ്പമാണ് ചന്ത്രോ പോയത്. ഷൂട്ടിംഗ് പഠിക്കുകയെന്നതായിരുന്നു ഉദ്ദേശം. പക്ഷെ ഒറ്റയ്ക്ക് പോകാന്‍ വലിയ മടി. അതിനാണ് കൊച്ചുമകളെ കൂടികൂട്ടിയത്. എന്തായാലും ഇരുകൈകളും നീട്ടി ചന്ത്രോയെ അവര്‍ സ്വീകരിച്ചു.

എന്തായാലും വന്നതല്ലേ ഒരു കൈനോക്കാമെന്ന് ഞാനും കരുതി. കോച്ച് എനിക്ക് നിര്‍ദേശം തന്നു. എന്റെ ഉന്നം കണ്ട് അദ്ദേഹം ഞെട്ടുകയും ചെയ്തു’ ആദ്യത്തെ ഷൂട്ടിംഗ് അനുഭവം ചന്ത്രോ വിശദീകരിക്കുന്നു.

കോച്ചാണ് ചന്ത്രോയെ പ്രോത്സാഹിപ്പിച്ചത്. ഇതിനിടയില്‍ ചന്ത്രോ കൃഷിപ്പണിയെടുത്ത് കുടുംബത്തെയും നോക്കുന്നുണ്ടായിരുന്നു. പണിക്കിടയില്‍ വെള്ളം നിറച്ച കുപ്പിയില്‍ ദൂരെ നിന്നും എറിഞ്ഞ് ഉന്നം നോക്കി പരിശീലനം നടത്തുകയും ചെയ്യും.

ചന്ത്രോയുടെ കഴിവിനെക്കുറിച്ച് കോച്ച് പറയുന്നതിങ്ങനെ, ‘ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ഒരു പെന്‍ഷനറെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. പക്ഷെ അവര്‍ എളുപ്പം കാര്യങ്ങള്‍ മനസിലാക്കി. ഇവരുടെ പ്രകടനം കണ്ട് നാണം കെട്ട് ജില പുരുഷന്മാര്‍ കോച്ചിംഗിന് വരുന്നത് നിര്‍ത്തി. നല്ല കാഴ്ചയുള്ള കണ്ണും, വിറയ്ക്കാത്ത കൈകളുമാണ് അവരുടെ മുതല്‍കൂട്ട്’

ഇന്ത്യ ഇന്ത്യയിലെ അറിയപ്പെടുന്ന ഷൂട്ടിംഗ് താരമാണ് ചന്ത്രോ. ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു ചന്ത്രോ. റൈഫിള്‍ ആന്റ് പിസ്റ്റള്‍ വേള്‍ഡ് കപ്പില്‍ മെഡല്‍ നേടിയതിലൂടെ ചന്ത്രോ ഇന്റര്‍നാഷണല്‍ താരവുമായി.

മകള്‍ സീമയാണ് ചന്ത്രോയുടെ ഏറ്റവും വലിയ ഫാന്‍. ഒരു ചാമ്പ്യന്‍ഷിപ്പില്‍ പോലീസ് ഓഫീസറെ പരാജയപ്പെടുത്തിയതോടെയാണ് സീമ അമ്മയുടെ ആരാധികയായത്. ദല്‍ഹി പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനെയാണ് ചന്ത്രോ പരാജയപ്പെടുത്തിയത്.

Malayalam news

Kerala news in English

Advertisement