ഇന്ത്യന്‍ സിനിമാരംഗം ഇനിയും പുരോഗതിയിലെത്തേണ്ടതുണ്ടെന്ന് ഇന്ത്യന്‍-കനേഡിയന്‍ ഫിലിംമേക്കര്‍ ദീപാ മേത്ത. ഇന്ത്യന്‍ സിനിമ സാങ്കേതികമായി ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍ ആശയത്തിലും ഉള്ളടക്കത്തിലും ഇനിയും ഒട്ടേറെ മെച്ചപ്പെടേണ്ടതുണ്ട്.

ടോറന്റോയില്‍നടക്കുന്ന ഐ.ഐ.എഫ്.എ അവാര്‍ഡ് ചടങ്ങിനെത്തിയതായിരുന്നു അവര്‍.

ഈ ചടങ്ങ് ഇന്ത്യയിലും കാനഡയിലുമുള്ള സിനിമാസംരംഭകര്‍ക്കിടയില്‍ സൗഹൃദം വളര്‍ത്താനും സിനിമാവ്യവസായത്തെ പോഷിപ്പിക്കാനും സഹായിക്കുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഒന്റാരിയോ ഗവണ്‍മെന്റിന്റെ പിന്തുണ ലഭിച്ചതോടെ ചടങ്ങ് കൂടുതല്‍ ആകര്‍ഷണീയമായിട്ടുണ്ട്. ഇത് സിനിമാവ്യവസായത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഫയര്‍, എര്‍ത്ത്, വാട്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയോടൊപ്പം വിവാദങ്ങളും ഏറ്റുവാങ്ങിയ സംവിധായികയാണ് ദീപാ മേത്ത. ബുക്കര്‍ പ്രൈസ് ലഭിച്ച സല്‍മാന്‍ റുഷ്ദിയുടെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരത്തിലാണ് ഇപ്പോള്‍ ദീപാ മേത്ത. ഇന്ത്യന്‍ താരങ്ങളും വിദേശീയരായ താരങ്ങളും അണിനിരക്കുന്ന ചിത്രം അവരുടെ സ്വപ്‌ന പദ്ധതിയാണ്. ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ സല്‍മാന്‍ റുഷ്ദിയ്ക്കും പങ്കുണ്ട്.

ബ്രിട്ടീഷ് ഇന്ത്യന്‍ നടനായ സത്യ ഭാഭാ പ്രധാനകഥാപാത്രമായ സലീം സിനായിയുടെ വേഷത്തിലെത്തുന്ന ഈ ചിത്രം 2012 ല്‍ പ്രദര്‍ശനത്തിനെത്തും.

വിന്‍ഡ്‌സ് ഓഫ് ചേയ്ഞ്ച് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രിയാ ശരണ്‍, സീമാ ബിശ്വാസ്, അനൂപം ഖേര്‍, സിദ്ധാര്‍ത്ഥ് നാരായണ്‍, രാഹുല്‍ ബോസ്, സോഹ അലി ഖാന്‍, ഷഹാനാ ഗോസ്വാമി, ധര്‍ശീല്‍ സഫാരി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.