എഡിറ്റര്‍
എഡിറ്റര്‍
ഒറ്റയ്ക്കല്ല നീ; നടിക്കെതിരായ ആക്രമണത്തില്‍ പിന്തുണയുമായി ബോളിവുഡ് താരങ്ങളുള്‍പ്പടെ രംഗത്ത്
എഡിറ്റര്‍
Monday 20th February 2017 1:22pm

കൊച്ചി: യുവനടിക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല മലയാള സിനിമാലോകം. ജീവിതത്തിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ നടിയ്ക്ക് പിന്തുണയുമായി സിനിമാലോകമാകെ എത്തുകയാണ്. സംഭവത്തില്‍ പ്രതികരിച്ച് മലയാള സിനിമയിലെ താരങ്ങളും പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലയാള താരങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ സിനിമാലോകത്തെ താരങ്ങളും നടിയോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

നിനക്കൊപ്പമുണ്ടെന്നും തിരിച്ച് വരവിനായി മുഴുവന്‍ കരുത്തും സ്നേഹവും നേരുന്നു എന്നായിരുന്നു തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. തിരിച്ച് വരവിനായി കാത്തിരിക്കുന്നു എന്നായിരുന്നു തമിഴ്, തെലുങ്ക് സിനിമാ താരമായ സമാന്തയുടെ പ്രതികരണം. ഇവരെ കൂടാതെ തെന്നിന്ത്യന്‍ സിനിമാലോകത്തിലെ നിരവധി താരങ്ങളാണ് ആക്രമണത്തിന് ഇരയായ നടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

നടിക്കെതിരായ ആക്രമണത്തില്‍ നടപടി വേഗമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

യുവനടിയ്ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍
കപൂര്‍, ശ്രദ്ധ കപൂര്‍, തുടങ്ങിയ താരങ്ങളാണ് തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയത്.


Also Read:കൂട്ടരേ നിങ്ങള്‍ക്ക് തെറ്റി; നിങ്ങള്‍ മനസില്‍ കണ്ടതിലും ശക്തയാണവള്‍: നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പൂര്‍ണിമ 


നാണക്കേടും അപമാനവും അനുഭവപ്പെടുന്നു എന്നായിരുന്നു വരുണ്‍ ധവാന്റെ ട്വീറ്റ്. ഒരു രാജ്യമെന്ന നിലയിലും സമൂഹമെന്ന നിലയിലും മറുപടി നല്‍കാന്‍ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നടിയുടെ ആത്മധൈര്യത്തെ പ്രശംസിക്കുന്നതായിരുന്നു റിഥേഷ് ദേശ്മുഖിന്റെ ട്വീറ്റ്. ഇത്തരത്തിലുള്ള അനുഭവങ്ങളെ നേരിടുന്നതില്‍ പലര്‍ക്കും മാതൃകയാണ് നടിയെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ സുരക്ഷിത എങ്ങനെ ഉറപ്പു വരുത്തും എന്നായിരുന്നു യുവതാരങ്ങളായ അര്‍ജുന്‍ കപൂറും ശ്രദ്ധ കപൂറും പ്രതികരിച്ചത്. നടിക്കെതിരായ ആക്രമണത്തില്‍ നടിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാ ലോകം തന്നെ രംഗത്തെത്തുകയാണ്.

Advertisement