എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൗരന്‍ എവിടെ? സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Thursday 7th June 2012 8:34am

ന്യൂദല്‍ഹി: സൗദി അറേബ്യയിലെ ജുബൈലില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തുവെന്ന് സംശയിക്കപ്പെടുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍ ഫസീഹ് മഹ്മൂദിനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല. അതിനിടെ ഫസീഹ് ഇന്ത്യയുടെ കസ്റ്റഡിയിലല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലയവും ഒരുമിച്ചാണ് സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചത്. അതേസമയം, ഫസീഹിനെതിരെ ഇന്ത്യന്‍ ഏജന്‍സികള്‍ ദേശദ്രോഹക്കുറ്റം ആരോപിക്കുന്നുണ്ടെന്ന് ഇതാദ്യമായി കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍, ഫസീഹ് ഇന്ത്യന്‍ കസ്റ്റഡിയില്‍ തന്നെയാണെന്ന് ഫസീഹിന്റെ ഭാര്യ നിഖാത് പര്‍വീന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. കേസ് ഗൗരവമേറിയതാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ രേഖാമൂലമുള്ള മറുപടിക്കായി കേസ് 11ലേക്ക് മാറ്റി.

ഫസീഹ് എവിടെയാണെന്ന് വ്യക്തമാക്കാന്‍ സുപ്രീംകോടതി അനുവദിച്ച അവസാന സമയപരിധിയായ ബുധനാഴ്ച രാവിലെ ഹരജി പരിഗണിച്ചപ്പോഴും രേഖാമൂലമുള്ള മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ അഭിഭാഷകന്‍ തയാറായിരുന്നില്ല. അതിന് പകരം നാല് കത്തുകളുടെ പകര്‍പ്പുകള്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഗൗരവ് ബാനര്‍ജി സുപ്രീംകോടതിക്ക് കൈമാറി. ഫസീഹിന്റെ കാര്യത്തില്‍ മേയ് 16 മുതല്‍ ജൂണ്‍ അഞ്ച് വരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആശയവിനിമയത്തിന്റെ തെളിവുകളായിട്ടാണ് ബാനര്‍ജി കത്തുകളുടെ പകര്‍പ്പുകള്‍ കോടതിക്ക് കൈമാറിയത്.

ഫസീഹിനെതിരെ ആരോപിച്ചിരിക്കുന്ന ദേശദ്രോഹപ്രവര്‍ത്തനങ്ങളുടെ പേരില്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബാനര്‍ജി പറഞ്ഞു. അദ്ദേഹം ഏതെങ്കിലും ഇന്ത്യന്‍ ഏജന്‍സിയുടെ കസ്റ്റഡിയിലില്ലെന്ന് ബാനര്‍ജി തീര്‍ത്തുപറഞ്ഞപ്പോള്‍ ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, ജഗദീശ് സിങ് കേഹാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഫസീഹ് ഇന്ത്യന്‍ കസ്റ്റഡിയിലല്ലെങ്കില്‍ പിന്നെ ആരുടെ കസ്റ്റഡിയിലാണെന്ന് ചോദിച്ചു. അദ്ദേഹം സൗദി പൊലീസിന്റെ കസ്റ്റഡിയിലാകാനോ ആകാതിരിക്കാനോ സാധ്യതയുണ്ടെന്നായിരുന്നു ബാനര്‍ജിയുടെ പ്രതികരണം.

വിഷയം ഇപ്പോള്‍ വിദേശ മന്ത്രാലയം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബാനര്‍ജി പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതി സൗദി അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. വിദേശ മന്ത്രാലയത്തിന്റെ ജോയന്റ് സെക്രട്ടറി സൗദിക്ക് കത്തെഴുതിയിട്ടുണ്ട്. ഇന്ത്യന്‍ സ്ഥാനപതിയും സൗദി അധികൃതരും തമ്മില്‍ ഇത് സംബന്ധിച്ച് ബുധനാഴ്ചയും കൂടിക്കാഴ്ച നടത്തുമെന്നും ബാനര്‍ജി കോടതിയെ ധരിപ്പിച്ചു.

അതേസമയം, സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ശരിയല്ലെന്നും ഫസീഹിനെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നെന്നും ഫസീഹ് ഇന്ത്യന്‍ കസ്റ്റഡിയിലാണെന്നും നിഖാതിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നൗഷാദ് അഹ്മദ് ഖാന്‍ ബോധിപ്പിച്ചു. കേന്ദ്രം പറയുന്നത് ഫസീഹ് അവരുടെ കസ്റ്റഡിയില്‍ അല്ലെന്നാണെന്നല്ലോ എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, സൗദി അധികൃതരുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചശേഷം തിങ്കളാഴ്ച വീണ്ടും വാദം തുടരാമെന്നും വ്യക്തമാക്കി.

അതേസമയം ഫസീഹ് മഹ്മൂദിന്റെ അനധികൃത കസ്റ്റഡിക്കെതിരെ ഭാര്യ നിഖാത് പര്‍വീന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്ന അഭിഭാഷകന് ഭീഷണിയുള്ളതായി പരാതി. കേസില്‍ വാദിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയാറെടുക്കണമെന്നും അഭിഭാഷകന്‍ നൗഷാദ് അഹ്മദ് ഖാന് മൊബൈല്‍ ഫോണിലാണ് ഭീഷണി വന്നത്. ഫസീഹ് മുഹമ്മദിനെതിരെയുള്ളതെന്ന് പറയുന്ന രേഖകള്‍ അഭിഭാഷകന്‍ കര്‍ണാടക പൊലീസില്‍നിന്ന് ഏറ്റുവാങ്ങിയശേഷമാണ് ഭീഷണിവന്നതെന്ന് നിഖാതിന്റെ കുടുംബം പറഞ്ഞു

Advertisement