ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തികവളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ച നേട്ടം കൈവരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍. സമ്പദ്‌രംഗം 9 ശതമാനം വളര്‍ച്ചനേടുമെന്നും രംഗരാജന്‍ പ്രതീക്ഷപ്രകടിപ്പിച്ചു.

2010-11 കാലയളവില്‍ 8.5 ശതമാനം വളര്‍ച്ച നേടാനാകുമെന്നായിരുന്നു ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അടക്കമുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത്. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ തിരിച്ചടിയിലും ഇന്ത്യന്‍ സമ്പദ്‌രംഗത്തിന് 8.9 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമാണെന്നും രംഗരാജന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിലവിലെ സ്ഥിതി കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് അതിന്റെ സുപ്രധാനനിരക്കുകളില്‍ മാറ്റം വരുത്തുമോ എന്നത് അറിയില്ലെന്നും രംഗരാജന്‍ പറഞ്ഞു. പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നു. ഡിസംബര്‍ 16ന് റിസര്‍വ് ബാങ്ക് പുതിയ ധസാമ്പത്തികനയം പ്രഖ്യാപിക്കുന്നുണ്ട്.