ദുബായ്: മുങ്ങിയ ഇറാന്‍ കപ്പലില്‍ കുടുങ്ങിയ ആറ് ഇന്ത്യക്കാരും മരിച്ചു. രക്ഷിക്കാന്‍ എത്തിയ ഇറാന്‍ മുങ്ങല്‍ വിദഗ്ധരാണ് കപ്പിലിനുള്ളിലെ ഡൈവിങ് ചേംബറില്‍ ആറു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കപ്പലില്‍ കുടുങ്ങിയ ബാക്കി ഏഴുപേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇറാന്‍, യുെ്രെകന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇനി കപ്പലില്‍ അവശേഷിക്കുന്നവര്‍.

73 ജീവനക്കാരുണ്ടായിരുന്ന കപ്പലില്‍ നിന്ന് ഇന്ത്യക്കാരുള്‍പ്പെടെ 60 ജോലിക്കാരെ വൈകാതെ രക്ഷപ്പെടുത്തി. ഇവരില്‍ കാസര്‍കോട് ഉപ്പള സ്വദേശികളായ അവിനാശ്, മുഹമ്മദ് ഹനീഫ് എന്നിവരും ഉള്‍പ്പെടുന്നു. ശനിയാഴ്ച രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആറ് ഇന്ത്യക്കാരുടെ മൃതദേഹം ലഭിച്ചത്.

കൂഷാ-1 എന്ന ഈ കപ്പല്‍ കടലിനടിയില്‍ എണ്ണക്കുഴല്‍ സ്ഥാപിക്കുന്നതിനിടെ പേര്‍ഷ്യന്‍ കടലിടുക്കിലാണ് വ്യാഴാഴ്ച മുങ്ങിയത്. എണ്ണക്കുഴല്‍ പണി നടത്തുകയായിരുന്ന 13 മുങ്ങല്‍ വിദഗ്ധര്‍ കപ്പലിനുള്ളില്‍ ഡൈവിങ് ചേംബറില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

കപ്പലിനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന ഏഴുപേരുടെയും ജീവന്റെ കാര്യത്തില്‍ ഇത് ആശങ്കയുയര്‍ത്തുന്നുണ്ട്.