Categories

വീട്ടുജോലിക്കാരിക്ക് ശമ്പളം നല്‍കിയില്ല: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് ഏഴര കോടി പിഴ

ന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിക്ക് ശമ്പളം നല്‍കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ നയന്ത്ര ഉദ്യോഗസ്ഥക്കും ഭര്‍ത്താവിനും ഏഴര കോടി രൂപ പിഴ . ഇന്ത്യക്കാരിയായ ശാന്തി ഗുരംഗ് എന്ന വീട്ടുവേലക്കാരിയെ പണം നല്‍കാതെ അടിമപ്പണി എടുപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ നീന മല്‍ഹോത്രയ്ക്കും ഭര്‍ത്താവ് ജോഗേഷിനുമാണ് അമേരിക്കന്‍ കോടതി പിഴശിക്ഷ വിധിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22നു പുറപ്പെടുവിച്ച വിധിന്യായത്തിനെതിരെ ഇതുവരെ എതിര്‍ ഹരജി ഫയല്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഇത് അന്തിമവിധിയായി പരിഗണിക്കാമെന്ന് അമേരിക്കന്‍ കോടതി വ്യക്തമാക്കിയതോടെയാണ് ശാന്തി ഗുരംഗ് എന്ന വീട്ടുവേലക്കാരിക്കു നഷ്ടപരിഹാരം ലഭിക്കാന്‍ കളമൊരുക്കിയത്.

വിധിയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എതിര്‍ ഹരജി ഫയല്‍ ചെയ്യാനായിരുന്നു കേസിലെ കക്ഷികളോട് കോടതി നിര്‍ദേശിച്ചിരുന്നത് . ഇക്കഴിഞ്ഞ ഏഴിന് നിശ്ചിയ സമയപരിധി അവസാനിച്ചതോടെ വിധി പ്രാബല്യത്തില്‍വരികയായിരുന്നെന്ന് ഗുരുംഗിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മിച്ചന്‍ കര്‍ലാല്‍ പറഞ്ഞു.

മാന്‍ഹട്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് ജീവനക്കാരിയായ മല്‍ഹോത്ര വീട്ടുജോലിക്കായാണ് ഇന്ത്യയില്‍ നിന്ന് ഗുരുംഗിനെ അമേരിക്കയിലേക്കു കൊണ്ടുവന്നത്. അവിടെയെത്തിയശേഷം പ്രാകൃതമായ പീഡനമുറകള്‍ക്കു വിധേയയാകേണ്ടിവന്നതായാണ് ഗുരുംഗിന്റെ പരാതി. തുച്ഛമായ വേതനത്തില്‍ വിശ്രമമില്ലാതെ മണിക്കൂറുകളോളം ജോലിയെടുക്കേണ്ടിവന്ന ഗുരുംഗിന് മല്‍ഹോത്രയും ഭര്‍ത്താവും ആവശ്യത്തിന് ഭക്ഷണം പോലും നല്‍കിയിരുന്നില്ലത്രേ. ഇതിന് പുറമേ വീട്ടില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതായും ആരോപണമുന്നയിച്ചിരുന്നു.

അതിനിടെ വീട്ടുജോലിക്കാരിയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ അമേരിക്കന്‍ മലയാളി വനിത ആനി ജോര്‍ജും കോടതി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വത്സമ്മ മത്തായി എന്ന മലയാളി വനിതയെ ശമ്പളം നല്‍കാതെ അടിമപ്പണി ചെയ്യിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. നോര്‍ത്ത് അല്‍ബേനിയയില്‍ നിന്ന് 20 മൈല്‍ ദൂരെയുള്ള മൊഹ് വാക് റിവറിന് സമീപമാണ് ആനി ജോര്‍ജ് താമസിക്കുന്നത്. 34 മുറികളും സ്വന്തമായി ഹെലിപ്പാഡും ഉള്ള 30,000 സ്‌ക്വയര്‍ ഫീറ്റ് വസ്തൃതിയുമുള്ള വീട്ടില്‍ താമസിക്കുന്ന ആനിയുടെ അറസ്റ്റ് ലോക മാധ്യമങ്ങള്‍ വന്‍ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.