Categories

കാര്‍ത്തിക്കിന് പുനര്‍വിവാഹം; വധു ദീപികാ പള്ളിക്കല്‍

karthikdeepika

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്കും മലയാളി വേരുകളുള്ള ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചെന്നൈയിലെ ഗ്രാന്‍ഡ് ചോല ഹോട്ടലിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

എന്നാല്‍ വിവാഹം എന്ന് നടക്കുമെന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. ഒരു വര്‍ഷം നീണ്ട പ്രണയിത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. ചെന്നൈയിലെ ഹെല്‍ത്ത് ജിമ്മില്‍ മൊട്ടിട്ട പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തി നില്‍്ക്കുന്നത്.

ജിമ്മില്‍ ഒരേയാളുടെ കീഴിലാണ് ഇരുവരുടെയും ഹെല്‍ത്ത് ട്രയിനിംഗ്. ഇവിടെ വച്ച കണ്ട് പരിചയം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ദീപികയെ കാണാന്‍ കാര്‍ത്തിക് യുകെയിലെത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ലണ്ടനില്‍ നടന്ന സമയത്ത് ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക രണ്ടുപേരും മൗനം പാലിക്കുകയായിരുന്നു.

ഇപ്പോള്‍ ഇരുവരുടെയും വിവാഹനിശ്ചയ ഫോട്ടോകള്‍ പുറത്തു വന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്.  ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം സംബന്ധിച്ച വാര്‍ത്തകള്‍ ഉറപ്പാക്കാന്‍ വീട്ടുകാരെ സമീപിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

കാര്‍ത്തിക്കിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ 2007ല്‍ വിവാഹിതനായിരുന്ന ദിനേഷ് കഴിഞ്ഞ വര്‍ഷമായിരുന്ന ആദ്യ ഭാര്യയായിരുന്ന നിഖിതയില്‍ നിന്ന് വിവാഹ മോചനം നേടിയത്.

എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടടത്തോളം ഇത് കല്ല്യാണ കാലമാണെന്ന് തോന്നുന്നു. ഈ മാസം ഇത് മൂന്നാമത്തെ ഇന്ത്യന്‍ താരത്തിന്റെ കല്ല്യാണ വാര്‍ത്തയാണ് പുറത്താവുന്നത്. സ്പിന്നര്‍ പീയുഷ് ചൗളയുടെ നിശ്ചയം കഴിഞ്ഞ വെള്ളിയാഴ്ച കഴിഞ്ഞിരുന്നു.

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മലയാളി വേരുകളുളള മുംബൈ താരം അഭിഷേക് നായരും വിവാഹ നിശ്ചയം കഴിഞ്ഞതായി അറിയിച്ചിരുന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ അഭിഷേക് തന്നെയാണ് വിവാഹ നിശ്ചയ കാര്യം വെളിപ്പെടുത്തിയത്.

Tagged with: