ലണ്ടന്‍: ഇംഗ്ലണ്ട് പര്യാടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ലണ്ടനില്‍ ഉണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയില്‍ ടീമംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരുടെ സുരക്ഷ വര്‍ധിപ്പിച്ചത്.

ടീം താമസിക്കുന്ന ഹോട്ടലുകള്‍ക്കു ചുറ്റും 30 പൊലീസുകാരെ അധികമായി വിന്യസിക്കും. ഹോട്ടിന് പുറത്തും പോലീസുകാരുടെ സേവനം ഉറപ്പ് വരുത്തും. ടീം ബസിനു അകമ്പടിയായി രണ്ട് പൈലറ്റ് വാഹനങ്ങള്‍ ഉണ്ടാകും. ഡെയ്‌ലി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

നാല് ടെസ്റ്റുകളും ഒരു ട്വന്റി20 മത്സരവും അഞ്ച് ഏകദിനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യാടനം. ഇതില്‍ ഓവലില്‍ നടന്ന് വരുന്ന നാലാമത്തെ ടെസ്റ്റ് മത്സരത്തിനും ശേഷിക്കുന്ന മത്സരങ്ങള്‍ക്കുമാണ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആഗസ്റ്റ് ആദ്യവാരത്തില്‍ ടോട്ടന്‍ഹാമില്‍ നടന്ന സമാധാനപരമായ പ്രകടനത്തിടെ പോലീസിന്റെ വെടിയേറ്റ് കറുത്തവര്‍ഗ്ഗക്കാരനായ യുവാവ് മരിച്ചതിനെ തുടര്‍ന്നാണ് ലണ്ടനില്‍ കലാപം പൊട്ടിപുറപ്പെട്ടത്. കലാപത്തെതുടര്‍ന്ന ഇംഗ്ലണ്ട് ഹോളണ്ട് സൗഹൃദ ഫുട്‌ബോള്‍ മത്സരമടക്കം നിരവധി മത്സരങ്ങള്‍ മാറ്റി വച്ചിരുന്നു.