ബ്രിസ്‌ബേന്‍:കഴിഞ്ഞ നാലര പതിറ്റാണ്ടിനിടെ ഓസ്‌ട്രേലിയന്‍ മണ്ണിലെ ഏറ്റവും മോശം പ്രകടനം എന്ന പേരെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ മടങ്ങി. മെല്‍ബണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രീലങ്ക ജയിച്ചതോടെയാണ് ടീമംഗങ്ങള്‍ക്ക് അടിയന്തിരമായി ടിക്കറ്റ് ബുക്ക് ചെയ്തത്.

ടെസ്റ്റ്, ട്വന്റി-20 പരമ്പരകള്‍ കൈവിട്ട ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസ് ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിലേക്കു യോഗ്യത നേടാനുമായിരുന്നില്ല. കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, രോഹിത് ശര്‍മ, ഉമേഷ് യാദവ്, വിനയ് കുമാര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും സപ്പോര്‍ട്ട് സ്റ്റാഫും ശനിയാഴ്ച രാവിലെ തന്നെ സിംഗപ്പുരിലേക്കു തിരിച്ചു. അവര്‍ ഇവിടുന്ന് യഥാക്രമം ചെന്നൈയിലേക്കും മുംബൈയിലേക്കും പോകും.

ധോണി, വിരാട് കോഹ്‌ലി വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, പ്രവീണ്‍ കുമാര്‍, രാഹുല്‍ ശര്‍മ എന്നിവര്‍ ബ്രിസ്‌ബെനില്‍നിന്ന് ഇന്നലെ വൈകിട്ടോടെയാണു യാത്ര തിരിച്ചത്.

സിംഗപ്പുരിലെത്തുന്ന അവര്‍ അവിടെനിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറും. ഇര്‍ഫാന്‍ പഠാനും പാര്‍ഥിവ് പട്ടേലും ഇന്നു ബ്രിസ്‌ബെനില്‍നിന്നു യാത്രതിരിക്കും. കുറച്ചു ദിവസങ്ങള്‍ മാത്രമാണു താരങ്ങള്‍ക്കു വിശ്രമം ലഭിക്കുക.

മൂന്നുമാസത്തെ വിദേശപര്യടനത്തിന് ഒരുപാട് പ്രതീക്ഷയോടെ പോയ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശരായി മടങ്ങിവരേണ്ടിവന്നു. ശ്രീലങ്കയ്‌ക്കെതിരേ നേടിയ ഒരു സമനിലയും ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടിയ ഒരു ജയവും ലങ്കയ്‌ക്കെതിരേ നേടിയ രണ്ടു ജയങ്ങളും മാത്രമാണ് പര്യടനത്തിലാകെ ഇന്ത്യയ്ക്ക് പറയാനുള്ള നേട്ടം. ഓസീസ് മണ്ണില്‍ മൂന്നാം തവണയാണ് ഇന്ത്യ ഏകപക്ഷീയമായി പരമ്പര തോല്‍ക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ 4-0 ത്തിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്.

Malayalam news

Kerala news in English