ലണ്ടന്‍:  മിശ്ര വിവാഹം ചെയ്ത ഇന്ത്യന്‍ ദമ്പതികള്‍ക്ക് ബ്രിട്ടനില്‍ ജോലി നഷ്ടമായി. സോളിസിറ്ററായ അമര്‍ദീപ് ബെഗ്രാജിനും പ്രാക്ടീസ് മാനേജറായ ഭര്‍ത്താവ് വിജയ് ബെഗ്രാജിനുമാണ് ഈ ദുരനുഭവമുണ്ടായത്. 33 കാരിയായ അമര്‍ദീപിന്റെ ഭര്‍ത്താവ് താഴ്ന്ന ജാതിക്കാരനായതിന്റെ പേരില്‍ ജോലിസ്ഥലങ്ങളില്‍ നിന്നും ഇവര്‍ വലിയതോതില്‍ വിവേചനമാണ് നേരിടേണ്ടി വന്നത്.

ദളിത് വിഭാഗക്കാരനാണ് വിജയ്. പഞ്ചാബ് സ്വദേശിയായ അമര്‍ദീപ് സിക്ക് മതവിശ്വാസിയാണ്. ഇന്ത്യയുടെ പരമ്പരാഗത ജാതി വ്യവസ്ഥയനുസരിച്ച് താഴ്ന്ന ജാതിക്കാരനായ വിജയിയെ വിവാഹം കഴിക്കരുതെന്ന് അമര്‍ദീപ് ബെഗ്രാജിനോടു മുന്‍പ് ഒരു സീനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ മൂന്നു വര്‍ഷം മുന്‍പ് ലീര്‍മിംഗ്ടണ്‍ സ്പായിലെ ഒരു സിക്ക് ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു.

വിവാഹശേഷം ജോലിസ്ഥലത്ത് വന്‍തോതിലുള്ള അവഗണയാണ് ഇവര്‍ക്ക് നേരിടേണ്ടിവന്നത്. അമിതമായ ജോലി എടുക്കേണ്ടി വരികയും സമാനതൊഴില്‍ ചെയ്യുന്ന മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞ ശമ്പളം വാങ്ങേണ്ടിവരികയും ചെയ്തു.

വിജയിയും തൊഴില്‍ സ്ഥലത്ത് പല തരത്തിലുള്ള വിവേചനങ്ങളും നേരിട്ടു. ഏഴു വര്‍ഷമായ് തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിജയിയെ പിരിച്ചു വിട്ടു. ജോലി സ്ഥലത്ത് നിന്നുണ്ടാകുന്ന അധിക്ഷേപങ്ങള്‍ മൂലം അമര്‍ദീപിന് ഗത്യന്തരമില്ലാതെ കഴിഞ്ഞ ജനുവരിയില്‍ ജോലി രാജി വയ്‌ക്കേണ്ടി വന്നു.

ഇതേ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇരുവരും സംഭവം ബ്രിട്ടീഷ് ഹൗസ് ഓഫ് ലോഡ്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജാതിവിവേചനത്തിനെതിരെ നിയമനിര്‍മ്മാണം നടത്താമെന്ന് അവര്‍ ദമ്പതികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പിന് മുന്‍പ് ഗവണ്‍മെന്റിന് വംശീയ വിവേചനത്തിന് എതിരെ നടപടിയെടുക്കാന്‍ അനുവാദം നല്‍കി കൊണ്ടുള്ള അഞ്ചു നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. ഇത്തരം വിവേചനങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തെരേസ മേയ് വ്യക്തമാക്കി.

അതിനിടെ കാരണമില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് വിജയ്. ബര്‍മിങ്ങാം ട്രിബ്യൂണലിന്റെ പരിഗണനയിലാണ് ഇവരുടെ കേസ്.