കൊല്‍ക്കൊത്ത: നോര്‍വെ ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ രണ്ട് കുട്ടികളെ തടഞ്ഞുവെച്ചിരിക്കുന്നതായി കാണിച്ച് കേന്ദ്ര സര്‍ക്കാറിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും നോര്‍വ്വെയില്‍ താമസിക്കുന്ന കൊല്‍ക്കൊത്ത ദമ്പതിമാരുടെ പരാതി. കുട്ടികളെ ശരിയായി വളര്‍ത്തുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ മെയ് 11 മുതല്‍ ഇവര്‍ നോര്‍വെ അധികൃതരുടെ കസ്റ്റഡിയിലാണെന്ന് പരാതിയില്‍ പറയുന്നു. സാഗരിക- അനുരൂപ ഭട്ടാചാര്യ ദമ്പദിമാരുടെ രണ്ട് കുട്ടികളെയാണ് നോര്‍വ്വെ ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൊണ്ടുപോയത്.

വിഷയം നോര്‍വ്വെയില്‍ കോടതി കയറിയിരിക്കയാണ്. കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെ ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ താമസിക്കണമെന്ന് അടുത്തിടെ നോര്‍വ്വെ കോടതി വിധിക്കുകയും ചെയ്തു. വര്‍ഷത്തില്‍ രണ്ട് തവണ ഒരു മണിക്കൂര്‍ നേരം രക്ഷിതാക്കള്‍ക്ക് കുട്ടികളെ കാണാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഞങ്ങള്‍ക്ക് നാല് മാസം പ്രായമായ കുഞ്ഞിനെയും രണ്ടര വയസ്സുള്ള മകനെയും നഷ്ടമായിരിക്കയാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മക്കളാണ് വലുത്. അവരോട് ഏതൊരു രക്ഷിതാക്കള്‍ക്കുമുള്ള മാനസിക ബന്ധം ഞങ്ങള്‍ക്കുമുണ്ട്. ഈ രീതിയില്‍ ജീവിച്ച് പോവാന്‍ ഏറെ ബുദ്ധിമുട്ടാണ്- സാഗരിക പറയുന്നു.

കുട്ടികള്‍ക്കൊപ്പം ഒരേ ബെഡില്‍ ഉറങ്ങുന്നതെന്തിനാണെന്നാണ് അവര്‍ ചോദിക്കുന്നത്. ഇത് വെറും സാംസ്‌കാരികമായ പ്രശ്‌നമാണ്. ഞങ്ങള്‍ക്ക് അവരെ മറ്റൊരു മുറിയില്‍ ഉപേക്ഷിക്കാനാവില്ല- അനുരൂപ് ഭട്ടാചാര്യ പറയുന്നു.

ഞങ്ങളുടെ കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ ഇതിനകം സമീപിച്ചിട്ടുണ്ടെന്നും കുട്ടികളെ തിരിച്ചുതന്നാല്‍ നോര്‍വ്വെയിലെ ജോലിയും സ്വത്തും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവരാമെന്നും ദമ്പതികള്‍ പറയുന്നു.

Malayalam news

Kerala news in English