Categories

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇരുട്ടില്‍ തപ്പുന്നത്….


എസ്സേയ്‌സ്/എം.കെ. ഖരീം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ പാടില്ല എന്നൊരു അലിഖിത നിയമമുള്ളത് പോലെയാണ് പാര്‍ട്ടിയെ വിമര്‍ശിച്ചു എഴുതുമ്പോള്‍ അവരില്‍ നിന്നുണ്ടാകുന്ന പ്രതികരണം സൂചിപ്പിക്കുന്നത്. മതങ്ങളെ പോലെ തന്നെ തങ്ങളും വിമര്‍ശന വിധേയരല്ല എന്നോ? അല്ലെങ്കില്‍ മതങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഉണ്ടാകുന്ന വൃണപ്പെടല്‍…. മറ്റേതൊരു പ്രസ്ഥാനത്തെയും പോലെ കമ്യൂണിസ്റ്റു പ്രസ്ഥാനവും ക്ഷയിക്കുന്നു എന്ന് കാണുമ്പോള്‍ ആ പ്രസ്ഥാനത്തെ സ്‌നേഹിക്കുകയും ആ പ്രസ്ഥാനം എല്ലാത്തരം മലിനതകളില്‍ നിന്നും മുക്തമായി നിലനില്‍ക്കണം എന്നും ആഗ്രഹിക്കുന്നവര്‍ അതിനു നേരായ ഒരു പാത ചൂണ്ടിക്കാട്ടാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ തങ്ങള്‍ മാത്രം ബുദ്ധി ജീവികളും മറ്റെല്ലാവരും തങ്ങള്‍ ഓക്കാനിക്കുന്നത് വിഴുങ്ങേണ്ടവരുമാണ് എന്ന മനോഭാവം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത്തരം ചിന്താഗതി പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലേക്കു തള്ളുകയാണ്.

കൃസ്തുവിനെ പോലെ മനുഷ്യ പക്ഷത്തു നിലയുറപ്പിച്ച ഒരു മഹാനെ കൂട്ട് പിടിക്കുന്നതില്‍ അപാകതയില്ല. അതിനു ഇവിടെ ആരും എതിര്‍ക്കുന്നുമില്ല. പക്ഷെ പാര്‍ട്ടി നിലവില്‍ വന്നു ഇക്കാലമത്രയും സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ ഏത് ബോധിവൃക്ഷമാണ് പിണറായി വിജയനും ജയരാജനും ബോധോദയത്തിന് തണലേകിയത്?
പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന സമ്മേളനങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പരാജയം വിലയിരുത്തുന്ന കൂട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ ന്യൂന പക്ഷത്തിന്റെ വോട്ടു തങ്ങള്‍ക്കു ലഭിച്ചില്ലെന്ന പ്രമേയങ്ങളുടെ വരവില്‍ ന്യൂനപക്ഷ പ്രീണനത്തിനുള്ള വഴി ഒരുങ്ങിയിരുന്നുവോ? എന്തുകൊണ്ട് തികച്ചും മതേതരവും മതങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന മാനിഫെസ്റ്റോയുടെ തണലില്‍ കഴിയുന്ന ഒരു പാര്‍ട്ടി തികച്ചും മ്ലേച്ചമായ മത പ്രീണനത്തില്‍ പെട്ടുപോകുന്നു. ഇത്തരം ചോദ്യങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോള്‍ നാം പാര്‍ട്ടി വിരുദ്ധരായോ സാമ്രാജ്യത്വ ശക്തികളെ സഹായിക്കുന്നവരായോ മുദ്രകുത്തപ്പെടുന്നു. എന്തിനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പോലുള്ള ഒരു പുരോഗമന പ്രസ്ഥാനം സത്യങ്ങളെ ഭയക്കുന്നത്?

ലോകത്ത് എവിടെയും അതാതു കാലത്ത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടാന്‍ മനുഷ്യര്‍ അവതരിച്ചിട്ടുണ്ട്. അവരെ പിന്നീട് പ്രവാചകര്‍ എന്നോ അവധൂതന്മാര്‍ എന്നോ ദേശത്തിനൊത്ത ഭാഷയോടെ രേഖപ്പെടുത്തി. അവരുടെ പോരാട്ടങ്ങളെ ആദ്യം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും അത് തങ്ങള്‍ക്കു കീഴ്‌പ്പെടില്ലെന്നു ബോധ്യമാകുമ്പോള്‍ നേതാക്കളെ വക വരുത്തുകയും ചെയ്യുക അധികാര വര്‍ഗത്തിന്റെ നയമാണ്. പില്‍ക്കാലത്ത് അതൊരു രാഷ്ട്രീയ പ്രസ്ഥാനമായോ മതമായോ രൂപം കൊള്ളുമ്പോള്‍ അതിനെ മൊത്തമായും ഹൈജാക്ക് ചെയ്തു കൊണ്ട് അത് തങ്ങളുടെതാക്കുകയും ചെയ്യുന്നു. ഏതു മതത്തിലാവട്ടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാവട്ടെ അതാണ് കണ്ടുവരുന്നത്. ക്രിസ്തുവിനെ തങ്ങളാലാവും വിധം ഉപയോഗിച്ച് വിളവെടുപ്പ് നടത്തി കൊണ്ടിരിക്കുന്ന സഭകള്‍; അതിനിടയിലാണ് മാര്‍ക്‌സിസ്റ്റു കമ്യൂണിസ്റ്റ് പാര്‍ട്ടി കയറി കൂടാന്‍ ശ്രമിക്കുന്നത്. ഇവിടെ നഷ്ടപ്പെടുന്നത് പാര്‍ട്ടിയുടെ മതേതര മുഖമാണ്. ഇത് കലര്‍പ്പില്ലാത്ത മത പ്രീണനമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തേ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയെ ഉയര്‍ത്തി പിടിക്കുന്നില്ല. എന്തേ ടാഗോറിനെയും ബുദ്ധനെയും ഉയര്‍ത്തി കാട്ടുന്നില്ല? ഇന്ത്യന്‍ പരിസരത്തിനു യോജിച്ച എത്രയോ മഹദ് വ്യക്തികളുണ്ട്; എന്നിട്ടും അതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ പാടെ അവഗണിക്കുകയോ ചെയ്തു ക്രിസ്തുവില്‍ കൈ വെയ്ക്കുമ്പോള്‍ അത് ആ മതത്തിന്റെ വോട്ടു നേടാം എന്ന കണക്കു കൂട്ടലല്ലേ?

ഇതിനു മുമ്പ് ലോക സഭാ തെരഞ്ഞെടുപ്പില്‍ മദനിയുമായി വേദി പങ്കിടുകയും മുസ്ലീം വോട്ടു നേടാന്‍ ശ്രമിക്കുകയുമുണ്ടായി. അതിനൊക്കെ മുമ്പാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം മുസ്ലീം ലീഗില്‍ നിന്നും അടര്‍ന്നു പോന്ന സുലൈമാന്‍ സേട്ടിന്റെ പാര്‍ട്ടിയെ (ഐ.എന്‍.എല്‍) കൂടെ നിര്‍ത്താന്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മത മൗലിക വാദിയാണ് എന്ന് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് പ്രസ്താവിച്ചത്.

ഇവിടെ നമുക്ക് നഷ്ടപ്പെടുകയും ചിന്തിക്കാതെ പോകുന്നതുമായ ഒരു ചോദ്യമുണ്ട്, എന്തിനാണ് എം.വി രാഘവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്? അധികാരത്തില്‍ കയറാന്‍ ഏതു വര്‍ഗീയ പാര്‍ട്ടികളെയും കൂട്ടുപിടിക്കാം എന്ന് പറഞ്ഞതിനോ? എങ്കില്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊമ്പതില്‍ കോണ്‍ഗ്രസിന് ബദല്‍ എന്ന നിലയില്‍ ബി.ജെ.പിയുമായി കൈകോര്‍ത്തു വി.പി സിംഗിനെ അധികാരത്തില്‍ പ്രതിഷ്ടിച്ചതിനു എന്ത് ന്യായീകരണമാണുള്ളത്? ആ കൂട്ടുകെട്ടിലൂടെ ബി.ജെ.പിയെ വളരാന്‍
സഹായിക്കുകയും പിന്നീട് അധികാരത്തില്‍ കയറാന്‍ അവസരം ഒരുക്കുകയും ചെയ്തു. തുടര്‍ന്ന് ബി.ജെ.പി.യെ അധികാരത്തില്‍ നിന്നും അകറ്റാന്‍ കോണ്‍ഗ്രസ്സുകായി കൂട്ട്
കൂടി.

ഇതൊന്നുമല്ല ചെയ്യേണ്ടിയിരുന്നത്. പല തട്ടുകളില്‍ നില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു ഒരു ശക്തിയായി വളര്‍ന്നു അധികാരം പിടിച്ചെടുക്കുകയാണ് ഇടതുപക്ഷ നയം നടപ്പിലാക്കാന്‍ നല്ല മാര്‍ഗം എന്ന് എന്തെ ചിന്തിക്കുന്നില്ല? എന്തേ അതിനായൊരു ശ്രമം നടക്കുന്നില്ല. പകരം തെരഞ്ഞെടുപ്പു നേട്ടമുണ്ടാക്കാന്‍ ജാതി മത പ്രീണനം നടത്തി പാര്‍ട്ടിയെ കൂടുതല്‍ നാശത്തിലേക്ക് നയിക്കുകയാണോ വേണ്ടത്?

കൃത്യമായ ലക്ഷ്യ ബോധമുള്ള ഒരു പാര്‍ട്ടിക്ക് ക്രിസ്തുവിനെ താങ്ങ് പിടിച്ചു മുന്നോട്ടു പോകേണ്ട ആവശ്യമില്ല. ക്രിസ്തുവിനെ ഒരു പോരാളിയായി കൊണ്ടുവരണമായിരുന്നെങ്കില്‍ മാര്‍ക്‌സ് അത് ചെയ്യുമായിരുന്നു. എന്തായാലും പിണറായി ഇടയനെക്കാള്‍ താഴെയല്ലല്ലോ മാര്‍ക്‌സ്. എന്തിനു മാര്‍ക്‌സിന്റെ സമകാലികര്‍ പോലും ക്രിസ്തുവിനെ എഴുന്നള്ളിച്ചു കൊണ്ടുവന്നില്ല. പകരം മാര്‍ക്‌സ് പറഞ്ഞത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന്. മാര്‍ക്‌സിന്റെ വാക്കുകള്‍ക്കു ഇന്നും പ്രസക്തിയുണ്ട്. മതങ്ങള്‍ക്കുള്ളില്‍ മതങ്ങള്‍, ദൈവത്തിനുള്ളില്‍ ദൈവവത്തെയും സൃഷ്ടിച്ചു ഭക്തരെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് മത വ്യാപാരികള്‍. എന്നാല്‍ പുരോഗമനപരം എന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മതങ്ങളുടെ തിണ്ണ നിരങ്ങി വോട്ട് ഉറപ്പിക്കുന്ന ദീനമായ കാഴ്ചയാണ് കണ്ടു വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെയും ആര്‍.എസ്.എസ്.ന്റേയും വോട്ട് വേണമെന്ന് സി.പി.ഐ.യുടെ സെക്രട്ടറി പരസ്യമായി പറഞ്ഞത് മറക്കാറായിട്ടില്ല. അത്തരം പ്രസ്താവനകള്‍ ചോരയും ജീവിതവും കളഞ്ഞു കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ വളര്‍ത്തിയ പച്ച മനുഷ്യരോട് ചെയ്യുന്ന ചതിയാണ്.

ക്രിസ്തുവെ ഉയര്‍ത്തി കാട്ടുന്നതിലൂടെ നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ പരിസരത്ത് പിണറായിയും കൂട്ടരും മത പ്രീണനം നടത്തുന്നു എന്നേ അര്‍ത്ഥമുള്ളൂ. നമുക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന ഇടതു പക്ഷ പ്രസ്ഥാനത്തില്‍ നിന്നും ഇങ്ങനെ ഒരു നീക്കം ഉണ്ടാവുമ്പോള്‍ നടുങ്ങാതിരിക്കുന്നത് എങ്ങനെ?! ജാതി മത കൂട്ടുകെട്ടില്ലാത്ത ഒരു ഇടതു പക്ഷത്തെയാണ് നമുക്ക് വേണ്ടത്. പാര്‍ട്ടി സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ ക്രിസ്തു വചനങ്ങള്‍ കയറി കൂടിയിരിക്കുന്നു. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നത് കണ്ടു ഞെട്ടിയത് സി.ഐ.എ ആയിരുന്നു. തുടര്‍ന്ന് കേരളത്തില്‍ ജാതി മതങ്ങളെ ഒരു നുകത്തില്‍ കെട്ടി വിമോചന സമരം എന്ന് ഓമന പേരിട്ടു നടത്തിയ സമരം മറക്കാതിരിക്കുക. നിലവില്‍ കാണുന്ന ഈ പ്രീണനം എവിടെക്കാണ് വിരല്‍ ചൂണ്ടുന്നത്? ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഇടതു പക്ഷത്തിന്റെ നെഞ്ചില്‍ ആണി അടിക്കാനുള്ള സി.ഐ.എ യുടെ ശ്രമം ആയിക്കൂടെ ഇതിനു പിന്നില്‍….?

അല്ലെങ്കില്‍ പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരു കരുനീക്കമാവാം. അതുമല്ലെങ്കില്‍ മകന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കാതെ ഒട്ടു നിരാശയില്‍ കഴിയുന്ന കെ.എം മാണിയെ ഇടതു മുന്നണിയോടു അടുപ്പിച്ചു ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം ആയിക്കൂടെ?

ഇതിനൊക്കെ മുമ്പ് അച്യുതാനന്ദനാണ് ശരിയായ കമ്യൂണിസ്റ്റു എന്നും ബാക്കിയുള്ളവര്‍ കമ്യൂണിസത്തെ നശിപ്പിക്കുന്നു എന്നും സിന്‍ഡിക്കേറ്റ് പത്രങ്ങള്‍ എഴുതി പിടിപ്പിച്ചു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സാമ്രാജ്യത്വ ശക്തികളല്ലേ? അച്യുതാനന്തന്റെ തല അരിയുന്നതോടെ കമ്യൂണിസത്തെ മൊത്തമായും തകര്‍ക്കാം എന്നവര്‍ കണക്കു കൂട്ടിയിരിക്കാം.

പിണറായിയുടെ പ്രസ്താവന കൊണ്ട് ആര്‍ക്കാണ് നേട്ടം? സഭ പറയുന്നിടത്ത് വോട്ടു ചെയ്തു ശീലിച്ചവരുടെ പിന്തുണ എന്തായാലും കിട്ടാന്‍ പോകുന്നില്ല. മറിച്ച് ഈ പ്രവര്‍ത്തനത്തിലൂടെ ക്രിസ്ത്യന്‍ പക്ഷത്തു സ്വതന്ത്രമായി ചിന്തിക്കുകയും പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുകയും ചെയ്യുന്നവര്‍ പാര്‍ട്ടിയോട് അകലം പാലിക്കുകയും ചെയ്യും. കൂടാതെ പാര്‍ട്ടിയില്‍ നിന്നും മതേതരത്വത്തെ മുറുകെ പിടിക്കുന്നവരുടെ കൊഴിഞ്ഞു പോക്കാണ് ഉണ്ടാവുക. അത് കേരള പരിസരത്തെ വര്‍ഗീയതക്കും ഫാസിസത്തിനും തഴച്ചു വളരാനുള്ള മണ്ണാക്കി പാകപ്പെടുത്തല്‍ കൂടിയാണ്… ഓര്‍ക്കുക, ഇടതു പക്ഷം ശക്തിയാര്‍ജിച്ച ഇടങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ കുറവാണ്. കേവലം വോട്ട് മാത്രം ലാക്കാക്കി ഇടതുപക്ഷം പ്രവര്‍ത്തിക്കരുത്. അടിസ്ഥാന വര്‍ഗത്തില്‍ നിന്നും പാര്‍ട്ടി അകന്നതിന്റെ ലക്ഷണമാണ് കണ്ടുവരുന്നത്. അടിസ്ഥാന വര്‍ഗത്തെ കേവലം വോട്ടു ബാങ്ക് മാത്രമായി നിലനിര്‍ത്തുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ മറ്റു ലാവണങ്ങള്‍ തേടും. അഖില ലോക തൊഴിലാളികളെ സംഘടിക്കുക എന്ന മുദ്രാവാക്യത്തില്‍ നിന്നും അഖില ലോക മുതലാളിമാരെ സംഘടിക്കുക എന്ന തലത്തിലേക്ക് പാര്‍ട്ടി താഴരുത്.

നിലവിലെ രാഷ്ട്രീയം മടുത്തും വെറുത്തും അതില്‍ നിന്നും ഇറങ്ങി പോകുന്നവരെ വല വീശിക്കൊണ്ട് മതങ്ങളുണ്ട്. അവരെ മൊത്തമായും മതങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് രാജ്യത്തെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളാതിരിക്കാന്‍ ഇടതു പക്ഷം ജാഗരൂകരായിരിക്കുക.

കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് വേണ്ടത് ജാതി മതങ്ങളുടെ വോട്ടു ബാങ്കല്ല. പകരം മനുഷ്യരുടെ വോട്ടാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെയും മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മുസ്ലീം സ്ഥാനാര്‍ഥിയേയും നിര്‍ത്തി ജയിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് പോലും പിന്മാറി ജന പക്ഷത്തുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി രാജ്യ സുരക്ഷക്കും ജന പുരോഗതിക്കും വേണ്ടി നിലയുറപ്പിച്ച് മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് പോലും മാതൃകയാവാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് കഴിയട്ടെ.

Malayalam News
Kerala News in English

3 Responses to “കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇരുട്ടില്‍ തപ്പുന്നത്….”

  1. Venmaranallure Narayanan

    ചിന്തിപ്പിക്കുന്ന വരികൾ …. പലതും അവഗണിക്കാൻ പാടില്ലാത്ത വസ്തുതകൾ …

  2. Reghunathan Nair

    Greate revelations. Please go ahead to open these പ്സയൂടോ blinds

  3. Alice

    ഏറ്റവും സാധാരണക്കാരന്റെ ചിന്തകളും സംശയങ്ങളും ഇത് തന്നെയാണ്…ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധര്‍ എന്ന് മുദ്രകുത്താമോ… ഇതൊന്നും സാധാരണക്കാര്‍ക്ക് മനസ്സിലാകില്ല എന്നാണ് പറയുന്നതെങ്ങില്‍ കംമ്യുനിസത്ത്തിലും രണ്ടു തട്ടെന്നോ…?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.