എഡിറ്റര്‍
എഡിറ്റര്‍
യഥാര്‍ത്ഥ ഇന്ത്യക്കാര്‍ പീഡിപ്പിക്കപ്പെടില്ല: തരുണ്‍ ഗൊഗോയ്
എഡിറ്റര്‍
Monday 17th September 2012 8:00am

ന്യൂദല്‍ഹി: യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് പീഡിപ്പിക്കപ്പെടില്ലെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പിയും ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള ആസാം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കലാപത്തില്‍ നിന്ന് രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

വിദേശികളെ സംസ്ഥാനം സംരക്ഷിക്കില്ലെന്നും, അതേസമയം രാജ്യത്തെ ഒരു പൗരനേയും വിദേശിയായി ചിത്രീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ബി.ജെ.പിയടക്കമുള്ള പാര്‍ട്ടികളുടെ ആവശ്യത്തിനുള്ള മറുപടിയായായണ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയെ കാണേണ്ടത്.

Ads By Google

അതേസമയം, അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ എത്രയും വേഗം അവരുടെ വീടുകളില്‍ എത്തിക്കുമെന്നും പുനരധിവാസങ്ങള്‍ക്കുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. എന്നാല്‍ ഇതിന് മുമ്പായി വ്യക്തമായ പരിശോധനകളും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പില്‍ കഴിയുന്നവരുടെ പേര് വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍, സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാവും മാറ്റി താമസിപ്പിക്കുക.

കലാപത്തിന് ഇരയായ മുസ്‌ലീംകള്‍ അടക്കമുള്ളവരെ കര്‍ശനമായ പരിശോധനക്ക് ശേഷമേ പുനരധിവാസത്തിന് അനുവദിക്കുകയുള്ളൂ എന്ന് പറയുമ്പോള്‍ അനധികൃത കുടിയേറ്റത്തെ തത്വത്തില്‍ അംഗീകരിക്കുകകയാണ് ഗൊഗോയി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പരിശോധനയിലൂടെ നിരവധിപേര്‍ രാജ്യത്തെ പൗരന്മാരല്ലാതായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

സംസ്ഥാനത്തെ നിരക്ഷരതയാണ് ജനസംഖ്യ ഉയരാനുള്ള പ്രധാന കാരണമെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം, രണ്ട് മാസമായി സംസ്ഥാനത്തെ 206 ക്യാമ്പുകളില്‍ 1.8 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ കഴിയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോഡോ, ന്യൂനപക്ഷ അഭയാര്‍ത്ഥികളുടെ കണക്കാണിത്. മറ്റ് മൂന്ന് ക്യാമ്പുകളിലായി ഇതര സമുദായക്കാരും കഴിയുന്നു. ധൂബ്രി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ളത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 5706 പേര്‍ ക്യാമ്പുകള്‍ വിട്ടിട്ടുണ്ട്. ആകെ 4,85,921 അഭയാര്‍ത്ഥികളാണ് 304 ക്യാമ്പുകളിലായി സംസ്ഥാനത്തുള്ളത്.

Advertisement