ഇന്ത്യയില്‍ നല്ല സിനിമകള്‍ ഇറങ്ങുന്നില്ലെന്നാണ് എല്ലാവരുടേയും പരാതി. പക്ഷേ ഇങ്ങനെ പറയുന്നവര്‍ ഒരുകാര്യം ശ്രദ്ധിക്കുന്നില്ല. ഇവിടെ നല്ല സിനിമകള്‍ ഇറങ്ങിയാല്‍ ആരാണ് കാണാനുള്ളത്? ചോദിക്കുന്നത് ബോളീവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ‘ നല്ല സിനിമകള്‍ എടുക്കാനുള്ള ഞങ്ങളുടെ ബുദ്ധിമുട്ട് പ്രേക്ഷകര്‍ ഒരിക്കലും മനസ്സിലാക്കാറില്ല. അവര്‍ക്ക് വേണ്ടത് വെറും മസാല പടങ്ങള്‍ മാത്രമാണ്.’

തന്റെ പുതിയ സിനിമയായ ‘ഗാംഗ്‌സ് ഓഫ് വാസീപൂര്‍’ ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യന്‍ പ്രേക്ഷകരെ അനുരാഗ് രൂക്ഷമായി വിമര്‍ശിച്ചത്.

“നല്ല സിനിമകളെ കുറിച്ച് പൊതുവേ കേള്‍ക്കുന്ന പരാതിയാണ് പതുക്കെ നീങ്ങി ആളുകളെ ബോറടിപ്പിക്കുന്നു എന്നത്. പക്ഷേ ഇതേ സിനിമകള്‍ പാശ്ചാത്യര്‍ക്ക് കാണിച്ചാല്‍ അവര്‍ ആവേശത്തോടെ അതുമുഴുവന്‍ കാണുന്നു. ബ്ലാക്ക് ഫ്രൈഡേയുടെ ചിത്രീകരണത്തിന് ശേഷം അതിനെ തിയേറ്ററുകളിലെത്തിക്കാന്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കു മാത്രമേ അറിയൂ. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രമോഷന്‍ ചെയ്ത് നല്ല അഭിപ്രായം നേടിയതിന് ശേഷം മാത്രമാണ് തീയേറ്റര്‍ ഉടമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്.” അനുരാഗ് പറയുന്നു.

ധാരാളം നല്ല സിനിമകള്‍ ചെയ്യുന്ന മിടുക്കരായ സംവിധായകരുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ അവരുടെ കഴിവിനനുസരിച്ചുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെങ്കില്‍ അതിന് കാരണം അത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ തയ്യാറാവത്തതു തന്നെയാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു.