വിബീഷ് വിക്രം

1968 ലെ വെയില്‍ തെളിച്ചമുള്ള ഒരു വൈകുന്നേരം. ഡല്‍ഹി റയില്‍വേ സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക് മീറ്റ് നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത് വരുന്ന മെക്‌സിക്കോ ഒളിംപിക്‌സിന് യോഗ്യത നേടാനായി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കായിക താരങ്ങള്‍. ട്രാക്കില്‍ പുരുഷന്‍മാരുടെ 1000 മീറ്റര്‍ പുരോഗമിക്കുന്നു. നീണ്ട് മെലിഞ്ഞ ഒരു പുരുഷന്‍ എല്ലാവരെയും പോലെ ലക്ഷ്യം നേടാനുള്ള വ്യഗ്രതയോടെ ട്രാക്കിലൂടെ കുതിക്കുകയാണ്. പെട്ടെന്നാണയാള്‍ വേഗത വര്‍ദ്ധിപ്പിച്ചത്. ലോക കായികതാരങ്ങളോട് കിടപിടിക്കുന്ന അപ്രതീക്ഷിതമായ ഒരസാധാരണ ഫിനിഷിംഗ്. പക്ഷെ വിജയാഘോഷങ്ങള്‍ നിലയ്ക്കും മുന്‍പേ അയാള്‍ പിച്ചും പേയും പറയാന്‍ തുടങ്ങി.

ട്രാക്കില്‍ നിന്നും പിന്‍വാങ്ങി സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയിലേക്കുള്ള പടവുകള്‍ കയറവേ അയാളുടെ വായില്‍ നിന്നും നുരയും പതയും വമിക്കുന്നുണ്ടായിരുന്നു. അധികം ദൂരം പിന്നിട്ടില്ല, അയാള്‍ തറയിലേക്കൂര്‍ന്ന് വീണു. ഭാഗ്യത്തിന് കാണികളുടെ ഇടയിലൊരു വനിതാ ഡോക്ടറുണ്ടായിരുന്നു. സാഹചര്യം മനസിലാക്കിയ ഡോക്ടര്‍ ഉടന്‍തന്നെ പ്രഥമശുശ്രൂഷ നല്‍കി അയാളെ അടുത്തുള്ള നോര്‍ത്തേണ്‍ റയില്‍വേ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

doppingമത്സരത്തിന് മുന്‍പ് ഒരോഫീസര്‍ തന്ന ചില മരുന്നുകള്‍ താന്‍ കഴിച്ചിരുന്നെന്ന് പിന്നീടയാള്‍ തുറന്നുപറഞ്ഞു. പക്ഷെ ഈ സംഭവം കൃപാല്‍ സിങ്ങെന്ന അന്നത്തെ 1000 മീറ്ററിലെ ദേശീയ റെക്കോര്‍ഡുകാരന്റെ ഒളിംപിക് പ്രതീക്ഷകള്‍ മാത്രമല്ല അത്‌ലറ്റിക് കരിയര്‍ തന്നെ തകര്‍ത്തു കളഞ്ഞു. കാതിലലയ്ക്കുന്ന കയ്യടികള്‍ക്ക് നടുവിലൂടെ പിന്നീടൊരിക്കലും സ്വര്‍ണ്ണകുതിപ്പ് നടത്താന്‍ കൃപാലിന് കഴിഞ്ഞില്ല. തിരിച്ച് വരാന്‍ മനസ് കൊണ്ട് ഒരുപാടാഗ്രഹിച്ചെങ്കിലും ശരീരം അതിനനുവദിച്ചില്ല. ഇന്ത്യയില്‍ ഉത്തേജക മരുന്നിന്റെ ഉപയോഗം ആദ്യമായി സ്ഥിരീകരിച്ച സംഭവമായിരുന്നു കൃപാലിന്റേത്.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കായികതാരവും ഉത്തേജകത്തിന്റെ കരിനിഴലില്‍ പെട്ടതിന് ഇന്ത്യന്‍ ജനത സാക്ഷ്യം വഹിച്ചു. മദ്ധ്യദൂര ഓട്ടക്കാരനായ ജയ്‌മെയില്‍ സിങ്ങിന് പക്ഷെ കൃപാലിനോളം ഭാഗ്യമുണ്ടായിരുന്നില്ല. ഇന്റര്‍ റയില്‍വേ മാരത്തണ്‍ മത്സരം പൂര്‍ത്തിയാക്കി നിമഷങ്ങള്‍ക്കകം മരുന്നുകള്‍ ഫലിക്കാത്ത മായാലോകത്തേക്ക് ജയ്‌മെയില്‍ യാത്രയായി.

1982 ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഇപ്പോഴത്തെ ദേശീയ കോച്ചായ ബഹാദൂര്‍ സിങ് ഇരുമ്പ് ഗോളം 18.34 ദൂരത്തേക്ക് വലിച്ചെറിഞ്ഞ് ഷോട്ട്പുട്ടിലെ സ്വര്‍ണ്ണപതക്കം മാറിലണിയാന്‍ അര്‍ഹനായി. എന്നാല്‍ വെള്ളിമെഡല്‍ നേടിയ കുവൈറ്റ് താരം മുഹമ്മദ് സിങ്കാവി ഇന്ത്യന്‍താരം ഉത്തേജകമരുന്നുപയോഗിച്ചെന്ന് പരസ്യമായി ആരോപിച്ചു. സുഖമില്ലെന്ന് കാരണം പറഞ്ഞ് മെഡല്‍ദാന ചടങ്ങില്‍ നിന്ന് ബഹാദൂര്‍ വിട്ട് നിന്നു. വിക്ടറിസ്റ്റാന്‍ഡില്‍ വച്ച് കുവൈറ്റ് താരം ഒരു മാസത്തിന് ശേഷം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ബഹാദൂറിനെ തോല്‍പ്പിക്കുമെന്ന് പരസ്യമായി പറഞ്ഞു. വെല്ലുവിളി ഏറ്റെടുക്കാനോ ആരോപണം നിഷേധിക്കാനോ ബഹാദൂര്‍ തയ്യാറായില്ല. ഏതായാലും കുവൈറ്റ് താരം ഒരുമാസത്തിനു ശേഷം നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ബഹാദുറിനെ പരാജയപ്പെടുത്തി തന്റെ വാക്ക് പാലിച്ചു.

രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്‍കി ആദരിച്ച മുന്‍ ഡിസ്‌കസ് ത്രോ താരം അജിത് ബഹാദുരിയയും ഉത്തേജകമരുന്നിന് അടിമയായിരുന്നു. 32ാം വയസ്സില്‍ ഹൃദയസ്തംഭനം മൂലമാണ് അജിത് മരണമടഞ്ഞത്. കൂടിയതോതിലുള്ള സ്റ്റിറോയ്ഡിന്റെ ഉപയോഗമാണ് അജിതിനെ നേരത്തെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

കഴിഞ്ഞ 4 ദേശീയ ഗെയിംസുകളിലും മരുന്നടിക്ക് താരങ്ങള്‍ പിടിക്കപ്പെട്ടു. എന്നാല്‍ ഇവര്‍ക്കാര്‍ക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. 2001 ല്‍ ലുധിയാനയില്‍ നടന്ന ദേശീയ ഗെയിംസില്‍ 19 കായികതാരങ്ങളാണ് പിടിക്കപ്പെട്ടത്. 2003 ല്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ പിടിക്കപ്പെട്ടവരുടെ എണ്ണം പിന്നെയും കൂടി. ഇത്തവണ 22 പേരാണ് പരിശോധനയില്‍ കുടുങ്ങിയത്. ഇതില്‍ 15 പേര്‍ മെഡല്‍ ജേതാക്കളായിരുന്നു. 2007 ല്‍ ഗുഹവാത്തി ദേശീയ ഗെിംസില്‍ ഒരു മലയാളിയടക്കം 8 പേര്‍ പരിശോധനയില്‍ കുടുങ്ങി. നിലവിലെ ലോകവനിതാ ബോക്‌സിംങ് ചാംപ്യന്‍ ജെന്നിലാല്‍ റെലിയാനിയും കോമണ്‍വെല്‍ത്ത് ഗെയിംസ് വെളളിമെഡല്‍ ജേതാവ് വിക്കി ഭാട്യയും പിടിക്കപ്പെട്ടവരില്‍പ്പെടുന്നു. എന്തിനേറെപ്പറയുന്നു റാഞ്ചിയില്‍ ഇക്കൊല്ലം നടന്ന ദേശീയ ഗെയിംസില്‍ 13 താരങ്ങളാണ് പിടിക്കപ്പെട്ടത്.

പരിശീലനത്തിനായി ഉക്രൈനിലും മറ്റും പോകുന്ന അത്‌ലറ്റുകള്‍ അവിടെ നിന്നും മരുന്നുകള്‍ വാങ്ങി നാട്ടില്‍ വന്ന് ജൂനിയഴേ്‌സിനു നല്‍കുന്നതായി കേട്ടിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ കായികതാരവും കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ പത്മിനി ശെല്‍വന്‍ ഈയിടെ പറയുകയുണ്ടായി. ദേശീയ സ്‌കൂള്‍ ഗെയിംസ് വേദിയുടെ ബാത്ത്‌റൂമിന് സമീപം ഉത്തേജകമരുന്നുകള്‍ കണ്ടെടുത്തെന്ന വാര്‍ത്ത ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഉത്തേജകമരുന്നുകള്‍ എത്രത്തോളം ആഴത്തില്‍ പിടിമുറുക്കി എന്നതിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

മെഡലുകള്‍ക്കായി താരങ്ങള്‍ കുറുക്ക് വഴികള്‍ തേടുമ്പോള്‍ മരുന്നിന്റെ മണം ഇന്ത്യന്‍ കായികലോകത്തിന്റെ ഇടനാഴികളെ വിട്ടൊഴിയുന്നില്ല. അടുത്തിടെ 8 മുന്‍നിര ഇന്ത്യന്‍താരങ്ങളാണ് ഉത്തേജകമരുന്നുപയോഗത്തിന് പിടിയിലായത്. ഇതില്‍ ആറു പേരും പട്യാലയിലെ ദേശീയ ക്യാമ്പില്‍ പരിശീലനം നടത്തുന്നവരാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അധികൃതരുടെയും പരിശീലകരുടെയും അറിവോടെയാണിതെന്നതിന് ഇതില്‍ കൂടുതല്‍ തെളിവെന്തിന് ?. ഇപ്പോഴും ശൈശവദശയിലായ ഇന്ത്യന്‍ കായികലോകത്തെ എളുപ്പം ഉയരങ്ങളിലെത്തിക്കാന്‍ അധികൃതരും പരിശീലകരും താരങ്ങളും കുറുക്ക് വഴികള്‍ തേടുമ്പോള്‍ മരുന്ന് മണക്കുന്ന ഇന്ത്യന്‍ കായികലോകത്തിന്റെ ഇടനാഴികളുടെ ദൈര്‍ഘ്യം ഇനിയും ഏറിക്കൊണ്ടേയിരിക്കും.