ന്യൂദല്‍ഹി: ജവാന്‍മാര്‍ക്കുള്ള റേഷന്‍ വിതരണത്തില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്റേണല്‍ ഓഡിറ്റ്. രണ്ട് ലക്ഷത്തോളം അധിക ജവാന്‍മാര്‍ക്കുള്ള റേഷന്‍ കൈപ്പറ്റിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കുള്ള റേഷന്‍ പണമായോ, അല്ലെങ്കില്‍ പാചകം ചെയ്ത ഭക്ഷണമായോ ആണ് അവര്‍ക്ക് കൈപ്പറ്റാനാവുന്നത്. ജവാന്‍മാര്‍ അവധിയിലാകുകയോ അസുഖം ബാധിക്കുകയോ ചെയ്താല്‍ റേഷന്‍ മണി അലവന്‍സ്‌ അവരുടെ ശമ്പളത്തില്‍ കൂട്ടുകയാണ് പതിവ്.

Ads By Google

2011-12 റിപ്പോര്‍ട്ട് പ്രകാരം പത്ത് ലക്ഷത്തോളം പട്ടാള ഉദ്യോഗസ്ഥര്‍ റേഷന്‍ സാധനങ്ങളായാണ് കൈപ്പറ്റിയിരിക്കുന്നത്. തലയൊന്നിന് 46 രൂപവെച്ച് 4 ലക്ഷം പട്ടാള ഉദ്യോഗസ്ഥര്‍ പണമായും റേഷന്‍ കൈപ്പറ്റിയിരിക്കുന്നു. 670 കോടി രൂപയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നത്. മൊത്തം 14 ലക്ഷം പേര്‍ക്ക് റേഷന്‍ കൊടുത്തുവെന്നാണ് കണക്ക്. നിലവിലുള്ളതിനേക്കാള്‍ രണ്ട് ലക്ഷം കൂടുതലാണാണിത്. നിലവില്‍ പട്ടാളക്കാരുടെ എണ്ണം 12 ലക്ഷമാണ്.

ശക്തമായ വിമര്‍ശനമാണ് ഓഡിറ്റ് റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നത്. പട്ടാളക്കാര്‍ അനധികൃതമായി റേഷന്‍ ഫണ്ട് കൈപ്പറ്റുകയോ ഫണ്ട് തിരിമറി നടത്തുകയോ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.