എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ പട്ടാള അട്ടിമറിക്ക് നീക്കം നടന്നുവോ?, സൈനികര്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 4th April 2012 11:18am

 

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും കരസേനാ വേധാവിയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ ഇന്ത്യന്‍ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ശേഖര്‍ ഗുപ്ത എക്ലൂസീവ് ആയി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സുപ്രധാനമായ ഈ റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ ഇത് സൈനിക അട്ടിമറിക്ക് വേണ്ടിയായിരുന്നോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതെന്നും പത്രം പറയുന്നുണ്ട്.

ജനുവരി 16,17 തീയതികളിലാണ് ദല്‍ഹിയിലേക്ക് സംശയാപ്ദമായ സാഹചര്യത്തില്‍ സൈനീക നീക്കം നടന്നത്. പ്രായ വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് സുപ്രീം കോടതിയെ സമീപിച്ചത് ജനുവരി 16നായിരുന്നു. കേന്ദ്രസര്‍ക്കാരും പ്രതിരോധമന്ത്രാലയവും അറിയാതെയായിരുന്നു ഈ സൈനീക നീക്കം. ഹരിയാനയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള രണ്ട് സായുധ യൂണിറ്റുകളാണ് ദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത്. ഹരിയാനയില്‍ നിന്നും 150 കിലോമീറ്റര്‍ സൈന്യം നീങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 16ന് ആരംഭിച്ച നീക്കം രഹസ്യാന്വേഷണ വിഭാഗം വഴി സര്‍ക്കാര്‍ അറിഞ്ഞത് വൈകിയാണ്. ഉടന്‍തന്നെ വഴികളില്‍ പരിശോധന നടത്തി സൈന്യം ദല്‍ഹിയില്‍ എത്തുന്നത് തടയുകയും തിരിച്ചുവിടുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 17ന് പുലര്‍ച്ചെ പ്രധാനമന്ത്രിയെ വിളിച്ചുണര്‍ത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തിര നടപടികളെടുത്ത് സൈന്യത്തെ തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ സൈനിക പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ച് മാത്രമാണ് നടന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പട്ടാള അട്ടിമറിക്ക് ഒരു ശ്രമം നടത്തിയിട്ടില്ലെന്നും കരസേന വ്യക്തമാക്കി. എന്നാല്‍ ഹരിയാനയില്‍ നിന്നും 150 കിലോമീറ്ററോളം സഞ്ചരിച്ച് പരിശീലനം നടത്തേണ്ട ആവശ്യമുണ്ടോ എന്നാണ് സംശയമുയരുന്നത്.

അതേസമയം വി.കെ സിംഗിനെതിരെ രാഷ്ട്രീയ കക്ഷികളെ ഒരുമിച്ച് നിര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമമോ വി.കെ സിംഗിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കാനുള്ള സൈന്യത്തിനുള്ളിലെ നീക്കമാണോ ഇതിനു പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

1984ലെ സിഖ് വിരുദ്ധ കലാപ സമയത്താണ് ഇതുപോലെ ദല്‍ഹി ലക്ഷ്യമാക്കി സൈനിക നീക്കം നടന്നത്. സൈന്യത്തിന്റെ സായുധ കാലാള്‍ യൂണിറ്റും 48 ടാങ്കുകളുമാണ് ഇങ്ങിനെ നീക്കം നടത്തിയത്. എന്നാല്‍ ഇത്തരത്തിലൊരു നീക്കം പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

16ന് അര്‍ധരാത്രിയോടെയാണ് സൈനിക നീക്കം ശ്രദ്ധയില്‍പ്പെട്ടത്. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണ മുന്നറിയിപ്പ് വന്നാല്‍ തലസ്ഥാനത്തേക്കുള്ള മുഴുവന്‍ ഗതാഗത സംവിധാനങ്ങളും അടയ്ക്കും. ഗതാഗതം തടസ്സപ്പെടുത്തുന്നത് സൈനിക നീക്കത്തെ വൈകിപ്പിക്കുമെന്നതിനാലായിരുന്നു ഇത്. തുടര്‍ന്ന് 17നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വിവരമറിയിച്ചത്.

തുടര്‍ന്ന് മലേഷ്യ സന്ദര്‍ശനത്തിലായിരുന്ന പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയോട് ഉടന്‍ തിരിച്ചുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ദല്‍ഹിയിലെത്തിയ 17ന് അര്‍ധ രാത്രി തന്നെ പ്രതിരോധ മന്ത്രാലയം നിര്‍ബന്ധിപ്പിച്ച് തുറന്ന് ലഫ്റ്റനന്റ് കേണല്‍ ചൗധരിയെ അങ്ങോട്ട് വിളിപ്പിച്ച് വിശദീകരണം ചോദിച്ചു. എന്നാല്‍ സൈന്യത്തിന്റെ ഇത് പതിവ് പരിശീലനം മാത്രമാണെന്നായിരുന്നു ചൗധരിയുടെ മറുപടി. എന്നാല്‍ എല്ലാ പരിശീലനവും അവസാനിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ച് പോകാന്‍ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സൈന്യം പരിശീലനം നിര്‍ത്തി തിരിച്ചുപോവുകയായിരുന്നു.

Malayalam News

Kerala News in English

Advertisement