എഡിറ്റര്‍
എഡിറ്റര്‍
അതിര്‍ത്തി കടന്ന പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചു
എഡിറ്റര്‍
Saturday 16th February 2013 9:56am

ജമ്മു: ജമ്മുകാശ്മീരിലെ അതിര്‍ത്തി നിയന്ത്രണരേഖയ്ക്കടുത്ത് നൗഷേര മേഖലയില്‍ കടന്നു കയറിയ പാക്കിസ്ഥാന്‍  സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചു.

കൊല്ലപ്പെട്ടത് തങ്ങളുടെ സൈനികനാണെന്ന് പാക്‌സേനയുടെ ഡി.ജി.എം.ഒ. സ്ഥിരീകരിച്ചു. പാക്കിസ്ഥാന്റെ അഭ്യര്‍ഥന പ്രകാരം മൃതദേഹം അവര്‍ക്ക് വിട്ടുകൊടുത്തതായി ഇന്ത്യന്‍ സേന വക്താവ് കേണല്‍ ജെ. ദഹിയ പറഞ്ഞു.

Ads By Google

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്ത് ആരോ നീങ്ങുന്നതായി ഇന്ത്യന്‍ സൈന്യം കണ്ടത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ചോദ്യം ചെയ്തപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ഇയാള്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന വെടിവെയ്പ്പിലാണ് ഇയാള്‍ കെല്ലപ്പെടുന്നത്. പാക് പട്ടാള യൂണിഫോം ധരിച്ച ഇയാളില്‍ നിന്ന് എ.കെ 47 തോക്കും ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു.

ഈ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ഡി.ജി.എം.ഒ. ഇന്ത്യന്‍ ഡി.ജി.എം.ഒ.യുമായി സംസാരിക്കാന്‍ അനുമതി തേടി. വെള്ളിയാഴ്ച ഡി.ജി.എം.ഒ. ലഫ്. ജനറല്‍ വിനോദ് ഭാട്ടിയയെ ഫോണില്‍ വിളിച്ച് നുഴഞ്ഞുകയറ്റക്കാരന്‍ തങ്ങളുടെ സൈനികനാണെന്ന്  പാക് ഡി.ജി.എം.ഒ. സ്ഥിരീകരിച്ചു.

ഒരു സൈനികനുചേരുന്ന എല്ലാ ബഹുമാനത്തോടും കൂടി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൃതദേഹം പാക്കിസ്ഥാന് വിട്ടുകൊടുത്തതായി ഇന്ത്യന്‍ സേനാ വക്താവ് കേണല്‍ ജെ. ദഹിയ പറഞ്ഞു.

കഴിഞ്ഞ ദിവസം  ഉച്ചതിരിഞ്ഞാണ് ഖോയി റോത്ത മേഖലയിലെ നിയന്ത്രണ രേഖ അബദ്ധത്തില്‍ കടന്ന് സൈനികന്‍ ഇന്ത്യയില്‍ പ്രവേശിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ഇരുഭാഗത്തുനിന്ന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും പാക് ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

രണ്ട് ദിവസം മുന്‍പ് തന്നെ അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച്   ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്  പാക്കിസ്ഥാന്‍ വെടി വെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ച് വെടിയുതിര്‍ത്തിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ-പാക്  അതിര്‍ത്തിയില്‍ പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളുടെ തലവെട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ഉടമ്പടി കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പത്തുവട്ടം പാകിസ്താന്‍ ലംഘിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Advertisement