ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പത്രപരസ്യത്തില്‍ ഇന്ത്യന്‍ പ്രമുഖര്‍ക്കൊപ്പം പാക് മുന്‍ സൈനിക തലവന്റെ ഫോട്ടോ. ദേശീയ ബാലികാ ദിനത്തില്‍ വനിതാ,ശിശു ക്ഷേമ മന്ത്രാലയമാണ് മാധ്യമങ്ങള്‍ക്ക് മുഴുവന്‍ പേജ് പരസ്യം നല്‍കിയത്. മുന്‍ പാക് എയര്‍ ചീഫ് മാര്‍ഷല്‍ തന്‍വീര്‍ അഹമ്മദിന്റെ ഫോട്ടോയാണ് പരസ്യത്തില്‍ കടന്ന് കൂടിയത്. കപില്‍ദേവ്, വീരേന്ദര്‍ സെവാഗ്, അംജത് അലിഖാന്‍ എന്നിവരുടെ ചിത്രത്തിന് കൂടെയാണ് പാക് സൈനികന്റെ ചിത്രമുള്ളത്.

സംഭവം വാര്‍ത്തയായതോടെ ഇതെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് സര്‍ക്കാര്‍. മന്ത്രാലയത്തിന് വേണ്ടി ഡയരക്ടറേറ്റ് ഓഫ് വിഷ്വല്‍ പബ്ലിസിറ്റിയാണ് പരസ്യം നല്‍കിയത്. ഇവര്‍ പരസ്യം നിര്‍മ്മിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കിയതാണെന്നാണ് വിവരം. പരസ്യത്തിന് അന്തിമ അനുമതി നല്‍കിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാറിന്റെ പരസ്യത്തില്‍ മറ്റൊരു രാജ്യത്തിന്റെ സൈനിക തലവന്റെ ഫോട്ടോ വന്നിത്ല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.