മുബൈ: ആപ്പിളിന്റെ ഐപാഡിന് ബദലാകാന്‍ ഇന്ത്യയില്‍ നിന്ന് ആദം രംഗത്തെത്തുന്നു. ടാബ്‌ലറ്റ് കമ്പ്യൂട്ടറും ഇബുക്ക് റീഡറും സ്മാര്‍ട്ട് ഫോണുമെല്ലാം ഇനി വെറുമൊരു സ്ലേറ്റിന്റെ രൂപത്തില്‍ കൈയിലെത്തും. ഹൈദരാബാദിലെ ‘നോഷന്‍ ഇന്‍ക് ഡിസൈന്‍ ലാബ്‌സ്’ ആണ് ആദം വികസിപ്പിക്കുന്നത്. മള്‍ട്ടിടച്ച് ഉപകരണമായ ആദം ഗൂഗിളിന്റെ ആഡ്രോയിഡ് ഓപ്പററേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക.

സവിശേഷതകളിലും ഗുണത്തിലും ഐപാഡിനെക്കാള്‍ ഒരു പടി മുന്നിലാണ് ആദം.
‘എന്‍വിഡിയ ടെഗ്ര’ പ്രോസസറാണ് ആദത്തിന്റെ നട്ടെല്ല്. സമ്പര്‍ക്കമുഖത്തിന്റെ (ഇന്റര്‍ഫേസ്) കാര്യത്തില്‍ പുതിയ അനുഭവം പ്രദാനം ചെയ്യാന്‍ പാകത്തില്‍ പത്തിഞ്ച് ‘പിക്‌സല്‍ ക്വി’ സ്‌ക്രീനാണ് ആദത്തില്‍ ഉള്ളത്. എന്‍വിഡിയ ചിപ്പും പിക്‌സല്‍ ക്വി സ്‌ക്രീനും ചേരുമ്പോള്‍, ആദത്തിന്റെ ബാറ്ററി ലൈഫ് ഐപാഡിനെ അപേക്ഷിച്ച് ഇരട്ടിയാകുമെന്ന്, നോഷന്‍ ഇന്‍ക് മേധാവി റോഷന്‍ ശ്രാവണ്‍ പറയുന്നു.

Subscribe Us:

പിക്‌സല്‍ ക്വി സ്‌ക്രീന്‍ ഉപയോഗിക്കുന്ന ആദ്യ ടാബ്‌ലറ്റ് പി സി യായിരിക്കും ആദം. 3ജി, വിഫി കണക്ടിവിറ്റി ആദത്തില്‍ സാധ്യമാകും. ഹൈഡെഫിനിഷന്‍ ടിവി യിലേതിന് തുല്യമായ 1080p വീഡിയോയാണ് ആദത്തില്‍ കാണാനാവുക. അതേസമയം, 576p വീഡിയോയേ ഐപാഡില്‍ കാണാനാകൂ. ഐപാഡില്‍ ഫഌഷ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കില്ല, എന്നാല്‍ ആദത്തില്‍ ഫഌഷിന്റെ സാധ്യതകളും പരിശോധിച്ചു വരികയാണ്.

ആദത്തിന്റെ രണ്ട് മോഡലുകള്‍ പുറത്തിറക്കാനാണ് നോഷന്‍ ഇന്‍ക് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. 12.9 മില്ലിമീറ്ററും 11.6 മില്ലിമീറ്ററും കനം വീതമുള്ളവ. 13.4 മില്ലീമീറ്റര്‍ കനമുള്ള ഐപാഡിനേക്കാള്‍ കനം കുറഞ്ഞ ഈ ഉപകരണം 2010 അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വിലയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.