Categories

‘ഫൈവ്സ്റ്റാര്‍’ സൈന

സൂരജ് പി വി

ഗ്വാങ്ഷൂവില്‍ തലകുനിച്ചുമടങ്ങിയ സൈന നേവാള്‍ ഹോങ്കോംഗില്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തി. തോല്‍വികളില്‍ നിന്നും പാഠംപഠിച്ച്് ദൗര്‍ബല്യങ്ങളെ ഇല്ലാതാക്കിയുള്ള സുന്ദരമുഹൂര്‍ത്തമായിരുന്നു ഹോങ്കോംഗില്‍ കണ്ടത്. ആദ്യസെറ്റ്ില്‍ പിന്നിട്ടുനിന്നിട്ടും വാശിയോടെ തിരിച്ചുവന്ന് ഹോങ്കോംഗ് സീരീസില്‍ സൈന മുത്തമിട്ടു. ഗ്വാങ്ഷൂവില്‍ തോറ്റതോടെ ‘സൈന പ്രഭാവം’ തീര്‍ന്നു എന്ന് അലമുറയിട്ടവര്‍ക്കുള്ള മറുപടിയായിരുന്നു കിരീടനേട്ടം.

ഇന്ത്യന്‍ കായികരംഗത്തെ അത്ഭുതവനിതയാണ് സൈന. ഇരുപതുവയസാകുമ്പോഴേക്കും നിരവധി അന്താരാഷ്ട്ര കിരീടനേട്ടങ്ങള്‍, ഖേല്‍രത്‌ന, പത്മശ്രീ,അര്‍ജ്ജുന പുരസ്‌കാരങ്ങള്‍, ലോകറാങ്കിംഗില്‍ മികച്ച നേട്ടങ്ങള്‍, കോടിക്കണക്കിനു രൂപയുടെ പരസ്യകരാറുകള്‍….സൈന നേവാള്‍ കുതിക്കുകയാണ് എതിരാളികളില്ലാതെ.

ഹോങ്കോംഗ് സൂപ്പര്‍ സീരീസ് വിജയത്തോടെ ഈവര്‍ഷം ഫൈനലിലെത്തിയ അഞ്ച് കിരീടങ്ങളും സ്വന്തംപേരിലാക്കാന്‍ സൈനയ്ക്ക് കഴിഞ്ഞു. ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ, സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്, ഇന്തോനേഷ്യന്‍ ഓപ്പണ്‍ സീരീസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ എന്നിവയാണ് ഈവര്‍ഷം സൈനയുടെ കിരീടത്തിലെ പൊന്‍തൂവലുകളായത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും പങ്കെടുക്കാനായി അഞ്ച് സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റുകളാണ് സൈന ഒഴിവാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണനേട്ടത്തിനുശേഷം ഏറെ പ്രതീക്ഷയോടെയാണ് സൈന ഗ്വാങ്ഷൂവിലേക്ക് പോയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ തോല്‍ക്കാനായിരുന്നു വിധി. ഇതോടെ സൈനക്കുനേരേ ആരാധകര്‍ തിരിഞ്ഞു.

കോച്ച് പുല്ലേല ഗോപീചന്ദും കുടുംബാംഗങ്ങളും സൈനയ്ക്ക് ഉറച്ച പിന്തുണ നല്‍കി. ഗ്വാങ്ഷൂവിന്റെ ക്വാര്‍ട്ടറില്‍ തന്നെ തോല്‍പ്പിച്ച താരം വാങ് ഷിസിയാനായിരുന്നു ഫൈനലില്‍ സൈനയ്ക്കായി കാത്തിരുന്നത്. എന്നാല്‍ ചൈനീസ് താരത്തെ തോല്‍പ്പിച്ച് കിരീടം നേടുകയെന്ന ചരിത്രനിയോഗമായിരുന്നു സൈന നിറവേറ്റിയത്. കഴിഞ്ഞവര്‍ഷം ഹോങ്കോംഗ് സീരീസില്‍ കളിച്ചെങ്കിലും ആദ്യറൗണ്ടില്‍ സൈന പുറത്താവുകയായിരുന്നു.

നിരവധി ആരോപണങ്ങളെ നേരിട്ടാണ് സൈന കിരീടനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ദുര്‍ബലരായ എതിരാളികളെ കീഴടക്കിയാണ് മിക്ക നേട്ടങ്ങളും എന്നതായിരുന്നു അവയില്‍ പ്രധാനം. എന്നാല്‍ ലോകബാഡ്മിന്റണിലെ ഏറ്റവും ശക്തയായ പ്രതിയോഗിയെ കീഴടക്കിയുള്ള ഹോങ്കോംഗ് സൂപ്പര്‍ സീരീസ് നേട്ടം ഈ ആരോപണത്തെ ഇല്ലാതാക്കുന്നതായിരുന്നു.

ഹോങ്കോംഗ് സീരിസ് നേട്ടം സൈനയുടെ റാങ്കിംഗില്‍ ഏറെ മാറ്റമുണ്ടാക്കും. നിലവില്‍ നാലാംസ്ഥാനത്താണ് സൈന. രണ്ടാം റാങ്കാണ് സൈനയുടെ ഇതുവരെയുള്ള മികച്ച നേട്ടം. സൂപ്പര്‍ സീരിസ് റാങ്കിംഗില്‍ നിലവില്‍ ഏഴാംസ്ഥാനത്താണ് ഈ ഇരുപതുകാരി.

ഈ നേട്ടങ്ങള്‍കൊണ്ടൊന്നും തൃപ്തയാവാന്‍ സൈന തയ്യാറല്ല. ഒളിമ്പിക്‌സ് സ്വര്‍ണമാണ് ജീവിതത്തിലെ ആത്യന്തികലക്ഷ്യമെന്ന് സൈന വ്യക്തമാക്കിക്കഴിഞ്ഞു. സൈനയുടെ ഈ സ്വപ്‌നം സത്യമാകട്ടെ എന്നാണ് കായികപ്രേമികളുടെ പ്രാര്‍ത്ഥന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.