മുംബൈ: ഹര്‍ഭജന്‍ സിങ് വക്കീല്‍ നോട്ടീസയച്ചതു കൊണ്ടു മാത്രം ധോണി അഭിനയിച്ച വിവാദ പരസ്യം പിന്‍വലിയ്ക്കില്ലെന്ന് യു.ബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ അറിയിച്ചു. ഇനിയെന്തു നിയമ നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തില്‍ തന്റെ അഭിഭാഷകരുടെ ഉപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യത്തിലൂടെ ഒരു തരത്തിലും ഹര്‍ഭജനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വിജയ് മല്യ പറഞ്ഞു. രണ്ടു ബ്രാന്‍ഡുകള്‍ തമ്മിലുള്ള മത്സരം മാത്രമാണ് ഉണ്ടായിട്ടുള്ളത്. വക്കീല്‍ നോട്ടീസ് പഠിച്ചു കൊണ്ടിരിയ്ക്കുകയാണെന്നും അഭിഭാഷകരുടെ ഉപദേശം അനുസരിച്ച് ഉചിതമായ നടപടി സ്വീകരിയ്ക്കുമെന്നും മല്യ അറിയിച്ചു. രാഷ്ട്രീയനേതാക്കളെ അനുകരിക്കുന്ന ഒട്ടേറെ ടിവി പരിപാടികള്‍ ഉണ്ട്. അതിനെതിരെ അവരെല്ലാം വക്കീല്‍ നോട്ടീസയക്കാന്‍ പോയാല്‍ എന്തു ചെയ്യുമെന്നും മല്യ ചോദിച്ചു

Subscribe Us:

അതേസമയം, ഹര്‍ഭജന് നിയമോപദേശം നല്‍കിയിട്ടില്ലെന്ന് യുണൈറ്റഡ് സ്പിരിറ്റ് ഗ്രൂപ്പിന്റെ എതിരാളിയായ പെര്‍നോഡ് റിച്ചാര്‍ഡ് വ്യക്തമാക്കി. എന്നാല്‍ ഹര്‍ഭജന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പെര്‍നോഡ് അറിയിച്ചു.

ധോണി അഭിനയിച്ച മക്ഡവല്‍സ് നമ്പര്‍ വണ്‍ പ്ലാറ്റിനം വിസ്‌കിയുടെ പരസ്യം തന്നെയും സിക്ക് സമുദായത്തെയും അപമാനിയ്ക്കുന്ന തരത്തിലുള്ളതാണെന്ന് കാണിച്ചാണ് ഹര്‍ഭജന്‍ മക്ഡവല്‍സിന്റെ നിര്‍മ്മാതാക്കളായ യുബി ഗ്രൂപ്പിന്റെ മേധാവി വിജയ് മല്യയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ചത്. പരസ്യം പിന്‍വലിയ്ക്കണമെന്നും തന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ചു കൊണ്ട് പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം പ്രസിദ്ധീകരിക്കണമെന്നുമാണ് ഹര്‍ഭജന്റെ ആവശ്യം. നഷ്ട പരിഹാരമായി ഒരു ലക്ഷം രൂപ വേണമെന്നും ഹര്‍ഭജന്‍
ആവശ്യപ്പെട്ടിട്ടുണ്ട്.