വഡോദര: തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഗംഭീറിന്റെ ബാറ്റിംഗ് മികവില്‍(126) ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് ജയം. ഇതോടെ അഞ്ചുമല്‍സര ഏകദിന പരമ്പര ഇന്ത്യ നേടി. ഗംഭീറാണ് കളിയിലെ താരം.

ടോസ്‌നേടിയ ഗംഭീര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ചും ലൈനിലും ലെംഗ്ത്തിലും പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ കിവീസ് ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടി. ഇന്ത്യക്കായി സഹീര്‍ ഖാന്‍, ആശ്വിന്‍, യൂസുഫ് പഠാന്‍ എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു.

ജയ്പൂരില്‍ അവസാനിപ്പിച്ചിടത്തു നിന്നാണ് ഗംഭീര്‍ വഡോദരയില്‍ കളി തുടങ്ങിയത്. കിവീസ് ബോളര്‍മാരെ ഗംഭീര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒടുവില്‍ തന്റെ തുടര്‍ച്ചയായ രണ്ടാംസെഞ്ച്വറി നേടാനും ഗംഭീറിനായി. ഏകദിനത്തിലെ ഒമ്പതാം സെഞ്ച്വറിയായിരുന്നു ഇത്. ഇന്ത്യക്കായി മുരളി വിജയ് 30 റണ്‍സ് നേടി. വിരാട് കോലി 63 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.