മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടരെ തോല്‍വിയുടെ കയ്പ് ഏറ്റുവാങ്ങിയ ഇന്ത്യ അവസാനം വിജയത്തിന്റെ മധുരം നുണഞ്ഞു.

ഓസ്‌ട്രേലിയക്കെതിരെ നടന്ന അവസാന ട്വന്റി 20 മത്സരത്തില്‍ ആശ്വാസ ജയം കാണാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ച ഇന്ത്യ ട്വന്റി 20 മത്സരം1-1 ന് സമനിലയിലാക്കി.

ഓസ്‌ട്രേലിയയെ 19.4 ഓവറില്‍ 131 എന്ന നിലയില്‍ ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ 19.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി. ഇത്തവണ ക്യാപ്റ്റന്‍ ധോണിയുടെ തന്ത്രപരമായ പല തീരുമാനങ്ങളും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഗൗതം ഗംഭീര്‍ (56) സെവാഗ് (23) കോഹ് ലി (31)ഉം റണ്‍സെടുത്തപ്പോള്‍ 21 റണ്‍സെടുത്ത് ധോണി പുറത്താകാതെ നിന്നു.ഓസ്‌ട്രേലിയന്‍ ടീമില്‍ ആരോന്‍ ഫിന്‍ച് (36)ഡേവിഡ് ഹസി (24) എം.എസ് വാഡെ (32) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എട്ട് റണ്‍സിനും ക്യാപ്റ്റന്‍ ബെയ്‌ലി മൂന്ന് റണ്‍സിനും പുറത്തായപ്പോള്‍ ഷോണ്‍ മാര്‍ഷലിന് പൂജ്യത്തിന് കളം വിടേണ്ടിവന്നു. ഇന്നലത്തെ കളിയില്‍ നാല് റണ്ണൗട്ടുകളാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്.

ഇത്തവണ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം ഫീല്‍ഡിംഗില്‍ പുറത്തെടുത്തത്. ഓസ്‌ട്രേലയിയ്‌ക്കെതിരെ ഒരു ജയമെങ്കിലും നേടാനായതില്‍ ടീമിന് ആശ്വസിക്കാം. എന്നിരുന്നാലും ശ്രീലങ്ക, ഓസ്‌ട്രേലിയ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പര ഇന്ത്യയ്ക്ക് വെല്ലുവിളി തന്നെയാണ്.
Malayalam News

Kerala News In English