Administrator
Administrator
ജയ ജയ ജയ ജയ ഹേ..
Administrator
Saturday 2nd April 2011 11:20pm

മുംബൈ: ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വീണ്ടും ലോകചാമ്പ്യന്‍. 121 കോടി ജനങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരം, തകര്‍ച്ചയും തിരിച്ചുവരവും ഒരുപോലെ കണ്ട കലാശപ്പോരാട്ടം. ഒടുവില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടു. സിക്‌സര്‍ പറത്തിയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ആതിഥേയ രാജ്യം ലോകകിരീടം സ്വന്തമാക്കുന്നതും ആദ്യമായാണ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 275 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. സെവാഗും സച്ചിനുമാണ് പുറത്തായത്. സെവാഗ് ആദ്യ ഓവറില്‍ തന്നെ പുറത്തായി. 18 റണ്‍സെടുത്ത സച്ചിനും തൊട്ടു പിന്നാലെ പുറത്തായി. രണ്ട് പേരും മലിംഗയുടെ പന്തിലാണ് പുറത്തായത്.

4ാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗംഭീറും കോഹ്‌ലിയും കരുതലോടെയാണ് ബാറ്റ് വീശിയത്. തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്ന കൂട്ടുകെട്ടായിരുന്നു ഗൗതം ഗംഭീര്‍ – വിരാട് കോഹ്‌ലി സംഖ്യത്തിന്റേത്. ബുദ്ധിമുട്ടിയാണെങ്കിലും ഇരുവരും ചേര്‍ന്നു സ്‌കോര്‍ ഉയര്‍ത്തി. കോഹ്‌ലി മികച്ച പിന്തുണ നല്‍കിയപ്പോള്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഗംഭീര്‍ റണ്‍സ് കണ്ടെത്താന്‍ തുടങ്ങി. സ്‌കോര്‍ 114 ല്‍ നില്‍ക്കെ ദില്‍ഷന്‍ ഇന്ത്യയ്ക്കു അടുത്ത ഷോക്കേല്‍പ്പിച്ചു. 35 റണ്‍സെടുത്ത കോഹ്‌ലിയെ പുറത്താക്കി ലങ്കന്‍ ടീം ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. പക്ഷെ ഗംഭീറിനൊപ്പം മഹേന്ദ്രസിങ് ധോണിയെത്തിയപ്പോള്‍ സ്‌കോര്‍ വീണ്ടും കൂടാന്‍ തുടങ്ങി. ബോളും റണ്‍സും കീഴ്‌മേല്‍ മറിയുമ്പോള്‍ ആരാധകരും സമ്മര്‍ദ്ദത്തിലായി.

ഗംഭീറും ധോണിയും ലക്ഷ്യം കാണുമെന്നു കരുതിയ നിമിഷത്തില്‍ 97 റണ്‍സെടുത്ത ഗംഭീറിന്റെ മിഡില്‍ സ്റ്റംമ്പ് പിഴുതുകൊണ്ട് പെരേര ലങ്കയ്ക്ക് പ്രതീക്ഷയേകി. സെഞ്ചുറിക്ക് 3 റണ്‍സ് അകലെ ഗംഭീര്‍ പുറത്തായത് ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി. 122 പന്തുകളില്‍ നിന്നും 9 ഫോറുകള്‍ ഉള്‍പ്പെടുന്ന ഗംഭീര ഇന്നിംങ്‌സായിരുന്നു അത്. ഗംഭീറിന് പകരം വന്ന യുവ്‌രാജ് സിംഗ് റണ്‍റേറ്റ് താഴാതെ നിലനിര്‍ത്താന്‍ ശ്രദ്ധിച്ചു. ഇതുവരെ ഫോമിലേക്ക് ഉയരാതിരുന്ന ധോണി അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തി. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി ഫോറുകള്‍ അടിച്ച ധോണി ഇന്ത്യന്‍ വിജയം അനായാസമാക്കി. ധോണി സിക്‌സിലൂടെയാണ് വിജയ റണ്‍ നേടിയത്. 79 ബോളുകളില്‍ നിന്നും പുറത്താകാതെ 91 റണ്‍സ് നേടിയ ധോണി തന്നെയാണ്് മാന്‍ ഓഫ് ദ മാച്ച്. യുവരാജ് 21 റണ്‍സെടുത്തു പുറത്താകാതെ നിന്നു. മലിംഗ രണ്ടും ദില്‍ഷനും പെരേരയും ഓരോ വിക്കറ്റുകള്‍ വീതവും നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ആദ്യം കരുതലോടെയാണ് ബാറ്റ് ചെയ്തത്. ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 274 റണ്‍സെടുത്തു. മഹേല ജയവര്‍ധനെയുടെ സെഞ്ച്വറിയുടെ മികവിലാണ് ലങ്കന്‍ സ്‌കോര്‍ 274ല്‍ എത്തിയത്. 84 പന്തില്‍ നിന്നാണ് ജയവര്‍ധനെ മൂന്നാം ലോകകപ്പ് സെഞ്ച്വറി നേടിയത്. സങ്കക്കാരെയും ജയവര്‍ധനെയും ചേര്‍ന്നപ്പോഴാണു ലങ്കയ്ക്കു മികച്ച ഒരു കൂട്ടുകെട്ടു ലഭിച്ചത്. വളരെ പക്വതയോടെ കളിച്ച ജയവര്‍ധനെ സ്‌കോര്‍ പതുക്കെ ഉയര്‍ത്തി. കളിയുടെ അവസാന ഓവറുകളില്‍ കൂടുതല്‍ അപകടകാരിയായി.

സമരവീരയെയും സംഗകാരയെയും യുവരാജാണ് മടക്കിയത്. തരംഗയെയും കപുഗദേരയെയും സഹീറും മടക്കി.

ജയവര്‍ധനെയ്‌ക്കൊപ്പം 57 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയശേഷമാണ് സമരവീര വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത്. അമ്പയര്‍ സൈമണ്‍ ടഫല്‍ ആദ്യം നോട്ടൗട്ടാണ് വിധിച്ചതെങ്കിലും അവസാന പുനരവലോകന അവസരം ഉപയോഗിച്ച് ധോണി ഈ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ മൂന്നാം അമ്പയറുടെ തീരുമാനം ഇന്ത്യയ്ക്ക് അനുകൂലമായി വരികയായിരുന്നു. നേരത്തെ സംഗകാരയും ജയവര്‍ധനെയും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി സഹീര്‍ ഖാനും യുവരാജും രണ്ടു വിക്കറ്റുകള്‍ വീതം നേടി. ഹര്‍ഭജന്‍ സിങ് ഒരു വിക്കറ്റെടുത്തു.

Advertisement