എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ ഇന്ത്യക്ക് അനായാസ ജയം
എഡിറ്റര്‍
Thursday 21st November 2013 8:52pm

kohlirohit

കൊച്ചി: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ സന്ദര്‍ശകരെ തോല്‍പ്പിച്ചത്. വിജലക്ഷ്യമായ 212 റണ്‍സ് 35.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും അര്‍ദ്ധ സെഞ്ചുറികളാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. വിശാഖപട്ടണത്തും ബറോഡയിലുമായാണ് അടുത്ത രണ്ട് മത്സരങ്ങള്‍.

വിന്‍ഡീസ് സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. 5 റണ്‍സെടുത്ത ധവാനെ ഹോള്‍ഡര്‍ പുറത്താക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും മികച്ച കൂട്ടുകെട്ടോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ട് കെട്ട് സ്‌കോര്‍ 150 കടത്തി. 72 റണ്‍സെടുത്ത ശര്‍മ്മയാണ് ആദ്യം പുറത്തായത്.

മുപ്പത്തിയൊന്നാം ഓവറില്‍ 86 റണ്‍സെടുത്ത കോഹ് ലിയും പുറത്തായി. കോഹ്‌ലിക്ക പിന്നാലെയെത്തിയ റെയ്‌നയെ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് നരെയ്ന്‍ പുറത്താക്കി.

എന്നാല്‍ യുവരാജും(16) ക്യാപ്റ്റന്‍ ധോണിയും(13) കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ 48.5 ഓവറില്‍ 211 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ബാറ്റിംഗ് തുടങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാമത്തെ ബോളില്‍ തന്നെ ഗെയ്ല്‍ പൂജ്യത്തിന് റണ്ണൗട്ടാകുകയായിരുന്നു. പുറത്താകാതിരിക്കാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്ത ഗെയ്‌ലിന് പരിക്കേറ്റിട്ടുണ്ട്.

സ്‌ട്രെച്ചറില്‍ കളം വിട്ട ഗെയ്‌ലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 65 റണ്‍സായപ്പോഴേക്കും സഹ ഓപ്പണര്‍ ചാള്‍സും പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെ പിടിച്ചു കെട്ടുകയായിരുന്നു.

ബ്രാവോയെ കൂടാതെ സാമുവല്‍സ് (24), സിമ്മണ്‍സ് (29), ഡ്വയില്‍ ബ്രാവോ(24), ഹോള്‍ഡര്‍ (16) എന്നിവര്‍ക്ക് മാത്രമമേ രണ്ടക്കം കടക്കാനായുള്ളൂ.

ഇന്ത്യക്കായി സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. അശ്വിന്‍ രണ്ടും മുഹമ്മദി ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. കാണികളെ കൊണ്ട് തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ ഉത്സവഛായയിലാണ് മത്സരം നടന്നത്.

രാവിലെ 10.30 മുതല്‍ സ്‌റ്റേഡിയത്തിലേക്ക് വന്നു തുടങ്ങിയ കാണികളെ കൊണ്ട് ജവഹര്‍ഡലാല്‍ നെഹ്‌റു സ്‌റ്റേഡിയം നിറഞ്ഞിരുന്നു. ഏകദേശം അരലക്ഷത്തിലധികം കാണികള്‍ കളികാണാനായി സ്‌റ്റേഡിയത്തിലെത്തിയതായാണ് കണക്കാക്കപ്പെടുന്നത്.

Advertisement