എഡിറ്റര്‍
എഡിറ്റര്‍
ഹോക്കി: ദക്ഷിണകൊറിയയ്‌ക്കെതിരെ ഇന്ത്യക്ക് ജയം
എഡിറ്റര്‍
Saturday 26th May 2012 9:07am

ഇപ്പോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയം.  ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനോട് ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ന്ന ഇന്ത്യന്‍ ടീം, ദക്ഷിണ കൊറിയയ്‌ക്കെതിരെ 2-1ന്റെ വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്.

മത്സരം 1-1 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങവെ അവസാന മിനിറ്റില്‍ എസ്.കെ. ഉത്തപ്പ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 11ാം മിനിറ്റില്‍ സന്ദീപ് സിങ്ങിന്റെ പെനാല്‍റ്റി കോര്‍ണര്‍ ഗോളിലൂടെ ഇന്ത്യ ലീഡ് നേടി.

ഒരുഗോള്‍ ലീഡില്‍ വിജയമുറപ്പിച്ച് മുന്നേറിയ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് 66ാം മിനിറ്റില്‍ കൊറിയ ഗോള്‍ മടക്കി. നാം ഹ്യുന്‍ വൂവാണ് ഗോള്‍ സ്‌കോറര്‍. സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ ഇന്ത്യയുടെ വിജയഗോള്‍ പിറന്നത് അവസാന മിനിറ്റിലാണ്. തുഷാര്‍ ഖണ്ഡേക്കര്‍ ഇടതുവിങ്ങില്‍നിന്ന് നല്‍കിയ ക്രോസില്‍നിന്ന് എസ്.കെ. ഉത്തപ്പയാണ് വിജയഗോള്‍ കണ്ടെത്തിയത്.

ആദ്യ മത്സരത്തില്‍ വ്യാഴാഴ്ച ന്യൂസിലന്‍ഡിനോട് ടീം 1-5ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മറ്റു മത്സരങ്ങളില്‍ അര്‍ജന്റീനയെ ന്യൂസിലന്‍ഡ് രണ്ടിനെതിരെ അഞ്ചു ഗോളിന് തറപറ്റിച്ചപ്പോള്‍ ആതിഥേയരായ മലേഷ്യയും ബ്രിട്ടനും തമ്മില്‍ നടന്ന കളി 3-3ന് സമനിലയില്‍ കലാശിച്ചു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടീമിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനല്ലെന്ന് കോച്ച് മൈക്കല്‍ നോബ്‌സ് പറഞ്ഞു. രണ്ടാം പകുതിയില്‍ ഗെയിംപ്ലാനിനനുസരിച്ചല്ല ടീം കളിച്ചത്. അതാണ് കൊറിയയ്ക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കിയത് നോബ്‌സ് പറഞ്ഞു.

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗ്രൂപ്പ് തല എതിരാളികളായ കൊറിയയ്‌ക്കെതിരെ നേടിയ വിജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസമുണര്‍ത്തുന്നതാണ്. മറ്റു മത്സരങ്ങളില്‍ അര്‍ജന്റീനയെ ന്യൂസിലന്‍ഡ് രണ്ടിനെതിരെ അഞ്ചു ഗോളിന് തറപറ്റിച്ചപ്പോള്‍ ആതിഥേയരായ മലേഷ്യയും ബ്രിട്ടനും തമ്മില്‍ നടന്ന കളി 33ന് സമനിലയില്‍ കലാശിച്ചു.

Advertisement