Administrator
Administrator
വിശ്വമഹാഭാരതീയം
Administrator
Sunday 3rd April 2011 9:26am

മുംബൈ: നാല്‍പ്പത്തിയെട്ടാം ഓവറിലെ രണ്ടാമത്തെ പന്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ഉയര്‍ത്തിയടിച്ചത് 121 കോടി ജനങ്ങളുടെ ഹൃദയങ്ങളിലേക്കായിരുന്നു. 28 വര്‍ഷത്തെ കാത്തിരിപ്പിനും പോരാട്ടങ്ങള്‍ക്കും വാങ്കടെയില്‍ പരിസമാപ്തിയായി. ധോണിയും കൂട്ടരും ടീം ഇന്ത്യയെ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചിരിക്കുന്നു. വ്യക്തിഗതപ്രകടനങ്ങളേക്കാളുപരി മികച്ച ടീം വര്‍ക്കിന്റെ പിന്‍ബലത്തിലാണ് ടീം ഇന്ത്യ ലോകക്രിക്കറ്റ് കിരീടമണിഞ്ഞത്.

തുടക്കത്തിലേ ഞെട്ടി ഇന്ത്യ
ഏറെ ഭയപ്പെട്ടതുതന്നെയായിരുന്നു രണ്ടാമതു ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നേരിടേണ്ടിവന്നത്. ലസിത് മലിംഗയുടെ തീപാറുന്ന പന്തുകള്‍ക്ക് മുമ്പില്‍ പേരുകേട്ട സച്ചിനും സെവാഗും മുട്ടുമടക്കി.സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ ഉണ്ടായിരുന്നത് 30 റണ്‍സ്.

ഗംഭീരം ഗംഭീര്‍
അടിക്ക് തിരിച്ചടി എന്ന നയമായിരുന്നു ഗംഭീര്‍ സ്വീകരിച്ചത്. ഓപ്പണര്‍മാരെ നഷ്ടമായത് റണ്‍നിരക്കിനെ ബാധിക്കാതിരിക്കാന്‍ ഗംഭീര്‍ ശ്രദ്ധിച്ചു. സിംഗിളുകള്‍ നേടിയും മോശം പന്തുകളെ അതിര്‍ത്തി കടത്തിയും ഗംഭീര്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ടു നയിച്ചു.

മൂന്നാംവിക്കറ്റില്‍ കോഹ്‌ലിയോടൊത്ത് 83 റണ്‍സിന്റേയും നാലാവിക്കറ്റില്‍ ക്യാപ്റ്റന്‍ ധോണിയോടൊത്ത് 109 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാന്‍ ഡല്‍ഹി താരത്തിനായി. ഒടുവില്‍ ഇന്ത്യയെ വിജയത്തിന്റെ തൊട്ടടുത്തുവരെ എത്തിച്ചാണ് ഗംഭീര്‍ പവലിയനിലേക്ക് മടങ്ങിയത്.

കൂള്‍..കൂള്‍ ധോണി
ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീമിനെക്കുറിച്ച് മികച്ച അഭിപ്രായമായിരുന്നെങ്കിലും ക്യാപ്റ്റന്‍ ധോണിയുടെ ബാറ്റിഗിനെക്കുറിച്ച് പലരും സംശയമുയര്‍ത്തിയിരുന്നു. അത്തരം സംശയങ്ങള്‍ക്കെല്ലാം ചുട്ടമറുപടിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ ഈ റാഞ്ചിക്കാരന്‍ നല്‍കിയത്.

114ന് മൂന്ന് എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്നു സമയത്താണ് ധോണിയെത്തുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്ത് ധോണിയെത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ കാര്യക്ഷമമായി കളിക്കാനാകുമെന്ന് ധോണിക്കറിയാമായിരുന്നു.

ഏറെ റിസ്‌കെടുത്താണ് ധോണി യുവരാജിനുമുന്നേ ക്രീസിലെത്തിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ യുവരാജിനെ ഡ്രസ്സിംഗ് റൂമിലിരുത്തി ധോണിയെത്തിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് അല്‍പ്പം ആശങ്കയുണ്ടാക്കി. എന്നാല്‍ തന്റെ മികച്ച പ്രകടനത്തിലൂടെ (91*) എല്ലാ ആശങ്കകള്‍ക്കും ധോണി മറുപടി നല്‍കി.

സച്ചിന്‍…ഇത് താങ്കള്‍ക്കുള്ള സമ്മാനം

അതെ സച്ചിന്‍, 20 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റേയും ദേശീയതയുടേയും മുഖമുദ്രയായി മാറിയ താങ്കള്‍ക്ക് നല്‍കിയ വാക്ക് ഇന്ത്യന്‍ താരങ്ങള്‍ അക്ഷരംപ്രതി പാലിച്ചിരിക്കുന്നു. അവസാന ലോകകപ്പ് സച്ചിനായി സമ്മാനിച്ച ടീം ഇന്ത്യ മല്‍സരത്തിനുശേഷം അദ്ദേഹത്തെ തോളിലേറ്റി ഗ്യാലറി ചുറ്റി. ടീമിന് പ്രചോദനമായി, ഇന്ത്യക്ക് ആവേശമായി, ഒരു മഹാമേരുവായി ടീമിനെ സേവിച്ച സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറിന് ഇനി ചാരിതാര്‍ത്ഥ്യത്തോടെ കളിതുടരാം.

ടീം വര്‍ക്കിന്റെ വിജയമാണിതെന്ന് ക്യാപ്റ്റന്‍ ധോണി പറഞ്ഞു. ടീം തോല്‍ക്കുകയാണെങ്കില്‍ താനെടുത്ത നിര്‍ണായകമായ രണ്ടുതീരുമാനങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുമെന്ന് ധോണി പറഞ്ഞത് ഈയവസരത്തിലാണ്. അശ്വിനെ മാറ്റി നിര്‍ത്തി ശ്രീശാന്തിനെ ടീമിലെടുത്തതും യുവരാജിനു മുന്നേ ക്രീസിലെത്തിയതും. മികച്ച പ്രകടനത്തിലൂടെ രണ്ടാമത്തെ തീരുമാനം ന്യായീകരിക്കാന്‍ ക്യാപ്റ്റനു കഴിഞ്ഞു. ഇന്ത്യ ജയിച്ചതോടെ പഴികേള്‍ക്കാതെ രക്ഷപ്പെടാന്‍ ശ്രീശാന്തിന് കഴിയുകയും ചെയ്തു.

യുവരാജ് എന്ന താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് അദ്ദേഹത്തിന് മാന്‍ ഓഫ് ദ സീരിസ് പട്ടം ലഭിക്കാന്‍ കാരണമായത്. നിര്‍ണായക മല്‍സരങ്ങളിലെല്ലാം പന്തിലൂടെയും ബാറ്റിലൂടെയും ഫീല്‍ഡിലൂടേയും ഇന്ത്യക്ക് കരുത്താകാന്‍ യുവിക്ക് കഴിഞ്ഞു. പേസ് നിരയും സ്പിന്‍ നിരയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നതും ടീം ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടാന്‍ ഏറെ സഹായിച്ചു.

Advertisement