ബാംഗ്ലൂര്‍: രണ്ടാംടെസ്റ്റില്‍ ആസ്‌ട്രേലിയയെ ഏഴു
വിക്കറ്റിന് തകര്‍ത്ത് രണ്ടുമല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. രണ്ടാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മൂന്നുവിക്കറ്റുമാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. ഇന്ത്യക്കായി സച്ചിനും (53*) ദ്രാവിഡും (21*) പുറത്താകാതെ നിന്നു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഒരുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയിരുന്നു. സച്ചിനാണ് കളിയിലെ താരവും പരമ്പരയിലെ താരവും

കളിയുടെ സമസ്തമേഖലകളിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ 478 റണ്‍സെടുത്ത ഓസീസിനെതിരേ ഇന്ത്യ 495 റണ്‍സ് നേടിയിരുന്നു. സച്ചിന്റെ ഡബിള്‍ സെഞ്ചുറിയും (214) മുരളി വിജയുടെ കന്നിസെഞ്ചുറി (139) യുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ സവിശേഷത. സ്പിന്‍ ബോളര്‍മാരുടെ സഹായത്തോടെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഓസീസിനെ 223 റണ്‍സിന് ചുരുട്ടിക്കെട്ടി.

ഇന്ത്യക്കായി ഹര്‍ഭജനും ഓജയും രണ്ടിന്നിംഗ്‌സുകളിലായി ആറും സഹീര്‍ നാലും വിക്കറ്റ് വീഴ്ത്തി. ഓസീസിനെതിരായ ആദ്യ ഏകദിന മല്‍സരം 17ന് കൊച്ചിയില്‍ നടക്കും.