എഡിറ്റര്‍
എഡിറ്റര്‍
കന്നിക്കരുത്തില്‍ ഒരു കൊല്‍ക്കത്തന്‍ വീരഗാഥ
എഡിറ്റര്‍
Friday 8th November 2013 6:37pm

sharmashami

കൊല്‍ക്കത്ത: അരങ്ങേറ്റ ടെസ്റ്റില്‍ സമ്മര്‍ദ്ദങ്ങളില്ലാതെ രണ്ട് യുവതാരങ്ങള്‍ ബാറ്റുകൊണ്ടും ബോളു കൊണ്ടും മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ വീരഗാഥ.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ പരമ്പരയെന്ന് പേരെടുത്ത വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം.

ഇന്ത്യയുടെ ജയം ഒരിന്നിംഗ്‌സിനും 51 റണ്‍സിനും. ബാററിംഗില്‍ ആദ്യ ടെസ്റ്റ് കളിക്കുന്ന രോഹിത് ശര്‍മ്മ നേടിയ സെഞ്ചുറിയും(177) ബൗളിംഗിള്‍ മുഹമ്മദ് ഷമി നേടിയ ഒന്‍പത് വിക്കറ്റുകളുമാണ് ഇന്ത്യക്ക് വിന്‍ഡീസിനെതിരായ ഏറ്റവും വലിയ രണ്ടാമത്തെ ജയം സമ്മാനിച്ചത്.

വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 234നെതിരെ ഇന്ത്യ 453 റണ്‍സെടുത്തു എല്ലാവരും പുറത്തായി. 219 റണ്‍സിന്റെ കടവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് പേര്‍ക്ക് മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കാണാനായത്.

ആദ്യ ഇന്നിംഗ്‌സിലെ പോലെ രണ്ടാമിന്നിംഗ്‌സിലും വിന്‍ഡീസിനെ വീഴ്ത്തിയത് കന്നിക്കാരനായ മുഹമ്മദ് ഷാമിയാണ്.അഞ്ചു വിന്‍ഡീസ് വിക്കറ്റ് നേടിയ ഷാമിയുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയം പ്രതീക്ഷിച്ചതിലും നേരത്തെയാക്കിയത്.

ആദ്യ ഇന്നിംഗ്‌സില്‍ ഷാമി നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതോടെ അരങ്ങേറ്റടെസ്റ്റിലെ ഷമിയുടെ വിക്കറ്റ് നേട്ടം ഒന്‍പതായി. 33 റണ്‍സെടുത്ത ഗെയ്‌ലാണ് ആദ്യം പുറത്തായത്. പിന്നീട് പവലും(36) ബ്രാവോയും(37) സ്‌കോര്‍ 100 കടത്തി.

ഇരുവരെയും അശ്വിന്‍ പുറത്താക്കിയതോടെ വിന്‍ഡീസിന്റെ തകര്‍ച്ചയും തുടങ്ങി. പിന്നീടെത്തിയവരില്‍ ചന്ദര്‍ പോളിന് മാത്രമാണ്(31 നോട്ടൗട്ട്) രണ്ടക്കം കാണാനായത്. ഇന്ത്യക്കായി ഷമിയെക്കൂടാതെ അശ്വിന്‍ മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി.

നേരത്തെ ആറിന് 354 എന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാം ദിനമായ വെള്ളിയാഴ്ച കളി പുനരാരംഭിച്ചത്. 127 റണ്‍സുമായി രോഹിത് ശര്‍മയും 92 റണ്‍സുമായി അശ്വിനുമായിരുന്നു ക്രീസില്‍. യഥാക്രമം 177ഉം 124ഉം വ്യക്തിഗത സ്‌കോര്‍ നേടിയതിന് ശേഷമാണ് ഇരുവരും പുറത്തായത്.

അശ്വിന്റെ ടെസ്റ്റിലെ രണ്ടാം സെഞ്ചുറിയാണിത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് റെക്കാര്‍ഡ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 280 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

2010 ല്‍ ഇതേ ഗ്രൗണ്ടില്‍ വി.വി.എസ് ലക്ഷ്മണും ധോണിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 259 റണ്‍സിന്റെ റിക്കാര്‍ഡാണ് ഇരുവരും പഴങ്കഥയാക്കിയത്.

സച്ചിന്‍ വിടവാങ്ങള്‍ പരമ്പരയെന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച ഇന്ത്യാ-വിന്‍ഡീസ് പരമ്പരയിലെ ഈഡന്‍ഗാര്‍ഡന്‍സിലെ ആദ്യ മത്സരത്തില്‍ സച്ചിന് തിളങ്ങാനായിരുന്നില്ല. പത്ത് റണ്‍സെടുത്ത സച്ചിന്‍ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്താവുകയായിരുന്നു.

എന്നാല്‍ കറിയറില്‍ അവസാനമയി ഈഡനില്‍ കളിക്കാനിറങ്ങിയ സച്ചിന് ഗംഭീരമായ യാത്രയയപ്പാണ് സംഘാടകര്‍ നല്‍കിയത്. മത്സരത്തിന് ശേഷം സച്ചിനെ തലപ്പാവണിയിച്ചാണ് യാത്രയാക്കിയത്.

രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. 14 മുതല്‍ സച്ചിന്റെ സ്വന്തം തട്ടകമായ മുംബൈയിലെ വാംങ്കഡെ സ്‌റ്റേഡുയത്തിലാണ് അടുത്ത മത്സരം.

Advertisement