പാനാംപെന്‍: എ.എഫ്.സി കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് മല്‍സരത്തിന് മുന്നോടിയായുള്ള സന്നാഹമല്‍സരത്തില്‍ കംബോഡിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. കംബോഡിയയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.


Also read മലയാളം വാക്ക് തെറ്റിച്ചെഴുതിയതിന് കൊല്ലത്ത് അഞ്ച് വയസുകാരിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം 


ഇരു ടീമുകളും ഓരോ ഗോള്‍ നേടിയ ആദ്യ പകുതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു രണ്ടാം പകുതിയിലെ മത്സരം. സുനില്‍ ഛേത്രിയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 36 മിനുട്ടിലായിരുന്നു ഛേത്രിയുടെ ഗോള്‍. തൊട്ട് പിന്നാലെ കംബോഡിയയുടെ ഖുവോന്‍ ലബോറാവി ടീമിനെ ഒപ്പമെത്തിച്ചു.

മലയാളി താരങ്ങളായ സി.കെ. വിനീത്, അനസ് എടത്തൊടിക എന്നിവര്‍ ഇന്ത്യക്കായി ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ ശേഷിക്കുന്ന ഗോളുകള്‍ നേടിയത് ജെ.ജെ ലാല്‍പെഖൂലെ (50), സന്ദേശ് ജിങ്കാന്‍ (54) എന്നിവരാണ്. കംബോഡിയയുടെ ശേഷിക്കുന്ന ഗോള്‍ ചാന്‍ വാതനാങ്ക (62) യുടെ പേരിലാണ്.

ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് സന്തോഷിക്കാന്‍ ഏറെ വകയുള്ള മത്സരമാണ് ഇന്നത്തേത്. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യ വിദേശത്ത് ഒരു മല്‍സരം ജയിക്കുന്നത്. ആദ്യപകുതിയില്‍ കംബോഡിയ നിരവധി അവസരങ്ങളായിരുന്നു പാഴാക്കിയത്. അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.