ഗ്വാങ്ഷൂ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് നേട്ടങ്ങളുടെ പെരുമഴ. 4*400 മീറ്റര്‍ വനിതാവിഭാഗത്തിലും കബഡി പുരുഷവനിതാ വിഭാഗത്തിലുമാണ് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യ സ്വര്‍ണനേട്ടം 13 ആയി ഉയര്‍ന്നു. നേരത്തേ 5000 മീറ്ററില്‍ മലയാളിതാരം പ്രീജ ശ്രീധര്‍ വെള്ളിയും കവിതാ റാവത് വെങ്കലവും നേടിയിരുന്നു.

4*400 മീറ്ററില്‍ മലയാളിതാരം സിനിജോസ് അടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. മജ്ഞീത് കൗര്‍, അശ്വിനി ചിതാനന്ദ, മന്ദീര്‍ കൗര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
എതിരാളികളുടെ ‘കാലുവാരി’ യാണ് ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ കബഡിയില്‍ സ്വര്‍ണം നേടിയത്.

തുടര്‍ച്ചയായ ആറാംസ്വര്‍ണമാണ് ഇന്ത്യന്‍ പുരുഷടീം കബഡിയില്‍ നേടിയത്. ഫൈനലില്‍ ഇറാനെ 37-20 നാണ് പരാജയപ്പെടുത്തിയത്. സെമിയില്‍ ജപ്പാനെ 52-17ന് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷടീം ഫൈനലിലെത്തിയത്.

5000 മീറ്ററില്‍ ഇന്ത്യയുടെ മലയാളിതാരം പ്രീജ ശ്രീധരന്‍ വെള്ളിനേടി. 15 മിനുറ്റ് 15.89 സെക്കന്‍ഡിലാണ് പ്രീജ ഫിനിഷ് ചെയ്തത്. പ്രീജയുടെ ഏറ്റവും മികച്ച സമയമാണിത്.

ഈയിനത്തില്‍ ഇന്ത്യയുടെ കവിതാ റാവത്തിനാണ് വെങ്കലം. ആദ്യലാപ്പുമുതല്‍ മികച്ച പ്രകടനം നടത്തിയ പ്രീജയ്ക്ക് ദൗര്‍ഭാഗ്യംകൊണ്ടുമാത്രമാണ് സ്വര്‍ണം നേടാനാകാതെ പോയത്. നേരത്തേ 10,000 മീറ്ററില്‍ പ്രീജ സ്വര്‍ണം നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ വനിതാ കബഡി ടീമിന്റെ കന്നിസ്വര്‍ണമാണിത്. ഫൈനലില്‍ തായ്‌ലാന്റിനെ 28-14നാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തുവിട്ടത്. സെമിയില്‍ ഇറാനെ വിയര്‍ത്തുതോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. സ്‌കോര്‍ (23-22)

നേരത്തേ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്കായി മലയാളി താരം ജോസഫ് എബ്രഹാം സ്വര്‍ണം നേടിയിരുന്നു. വനിതാവിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സിലും ഇന്ത്യയുടെ അശ്വിനി ചിതാനന്ദക്കായിരുന്നു സ്വര്‍ണം.

ബോക്‌സിംഗില്‍ നിന്നായിരുന്നു ഇന്ത്യ കഴിഞ്ഞദിവസം മൂന്നാംസ്വര്‍ണം നേടിയത്. ഇന്ത്യയുടെ വികാസ് കൃഷ്ണനാണ് ഇടിക്കൂട്ടില്‍ നിന്നും സ്വര്‍ണം സ്വന്തമാക്കിയത്. ചൈനയുടെ ഹൂ ക്വിങിനെയാണ് വികാസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 5-4