അഡ്‌ലെയ്ഡ്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യനാലു വിക്കറ്റിന് നാടകീയമായി ജയിച്ചു കയറി. 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ കേവലം രണ്ടു പന്തുകള്‍ ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. ജയിക്കാന്‍ ഇന്ത്യക്ക് അവസാന ഓവറില്‍ 13 റണ്‍സാണു വേണ്ടിയിരുന്നത്. നായകന്‍ ധോണിയാണു ഈ വിജയം നേടിക്കൊടുത്തത്.

തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ച ഗൗതം ഗംഭീര്‍ സെഞ്ച്വറി തികക്കാനാവാതെ 92 റണ്‍സ് എടുത്ത് മടങ്ങി. ഗംഭീറാണ് മാന്‍ ഒഫ് ദ് മാച്ച്. വീരേന്ദ്ര സേവാഗ് 20ഉം, കോഹ്‌ലി 18ഉം, രോഹിത് ശര്‍മ്മ 33 ഉം റണ്‍സ് നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. ഓസ്‌ട്രേലിയക്കുവേണ്ടി ഡേവിഡ് ഹസ്സി 72 ഉം പീറ്റര്‍ ഫോറസ്റ്റ് 66 ഉം ഡാന്‍ ക്രിസ്റ്റിയന്‍ 39 ഉം മൈക്കള്‍ ക്ലാര്‍ക്ക് 36 റണ്‍സ് വീതം നേടി. ഇന്ത്യക്കു വേണ്ടി വിനയ്കുമാറും, ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതവും സഹീര്‍ഖാന്‍ ഒരു വിക്കറ്റും നേടി.

സച്ചിന്‍ തെന്‍ഡുല്‍ക്കറും പ്രവീണ്‍ കുമാറും ഇന്ന് കളിച്ചിരുന്നില്ല. ഇവര്‍ക്ക് പകരക്കാരായാണ് ഗൗതം ഗംഭീറും ഉമേഷ് യാദവും ഇന്ന് ഇറങ്ങിയത്. ഓസ്‌ട്രേലിയന്‍ ടീമില്‍ മൈക്കിള്‍ ഹസ്സിക്ക് വിശ്രമം നല്‍കിയപ്പോള്‍ പീറ്റര്‍ ഫോറസ്റ്റിന് കളിക്കാന്‍ അവസരം ലഭിച്ചു. ഡാനിയല്‍ ക്രിസ്റ്റ്യന്‍ കളിക്കുന്നതിനാല്‍ മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരമ്പരയില്‍ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒസ്‌ട്രേലിയക്കായിരുന്നു ജയം.

Malayalam News

Kerala News In English