എഡിറ്റര്‍
എഡിറ്റര്‍
അഹമ്മദാബാദ് ടെസ്റ്റ്: ആദ്യകളിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
എഡിറ്റര്‍
Monday 19th November 2012 3:23pm

അഹമ്മദബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്ന വിജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ അതിഥികളായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 77 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 406 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്ക്ക് അഞ്ചാം ദിവസം രണ്ട് സെഷനും 10 വിക്കറ്റ് കൈയിലിരിക്കെ ജയം അനായാസമായിരുന്നു. എങ്കിലും അവസാന സെഷനിലേക്ക് കളി നീട്ടിക്കൊണ്ടുപോകാതെ പൂജാരയും സെവാഗും കോഹ്‌ലിയും ചേര്‍ന്ന് വിജയത്തിലേക്ക് ടീമിനെ നയിച്ചു.

Ads By Google

ഇരട്ട സെഞ്ച്വറിയുമായി ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന് ചുക്കാന്‍ പിടിച്ച ചേതേശ്വര്‍ പൂജാര 41 റണ്‍സുമായി പുറത്താകാതെ നിന്നു. പൂജാരയാണ് സെവാഗിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 25 റണ്‍സെടുത്ത സെവാഗിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പുറത്താകാതെ 14 റണ്‍സുമായി കോഹ്‌ലി പൂജാരയ്ക്ക് പിന്തുണ നല്‍കി.

നാലാം ദിനം ഇന്ത്യന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിട്ട കുക്ക്പ്രയര്‍ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ഓജയാണ് അഞ്ചാം ദിനം വിജയസാധ്യത തുറന്നത്. 84 റണ്‍സുമായി പുറത്താകാതെ നിന്ന പ്രയറിനെ കേവലം ഏഴ് റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ ഓജ സ്വന്തം ബൗളിങ്ങില്‍ പിടിച്ചുപുറത്താക്കി.

അതോടെ വീണ്ടും സമ്മര്‍ദത്തിലായ ഇംഗ്ലീഷ് ടീമിനെ ഞെട്ടിച്ചുകൊണ്ട് ഓജ ഉജ്ജ്വല സെഞ്ച്വറിയുമായി പൊരുതിയ കുക്കിനേയും വീഴ്ത്തി. ഓജയുടെ പന്തില്‍ കുക്ക്(176) ബൗള്‍ഡാകുകയായിരുന്നു. തൊട്ടുപിന്നാലെ മൂന്ന് റണ്‍സെടുത്ത ബ്രോഡിനെ ഉമേഷ് യാദവും പുറത്താക്കി.

അഞ്ച് വിക്കറ്റുമായി ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ കടപുഴക്കിയ ഓജ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും നാല് വിക്കറ്റുമായി അവരെ 406 ല്‍ ഒതുക്കിയത്. ഇന്നിങ്‌സ് വിജയമെന്ന ഇന്ത്യന്‍ മോഹത്തെ കുക്കുംപ്രയറും ചേര്‍ന്ന കൂട്ടുകെട്ടാണ് തല്ലിക്കെടുത്തിയത്. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്, സ്‌കോര്‍: ഇന്ത്യ എട്ടിന് 521 ഡിക്ലയേഡ്, ഇംഗ്ലണ്ട് 191, അഞ്ചിന് 340.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനുശേഷം തുടരെ രണ്ട് പന്തുകളില്‍ ഉമേഷ് യാദവ് രണ്ടുവിക്കറ്റെടുത്തപ്പോള്‍ നാലാംദിനം തന്നെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍, പിന്നീട് ഒത്തുചേര്‍ന്ന കുക്കും പ്രയറും ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. ഒന്നര സെഷനിലേറെ പിടിച്ചുനിന്ന ഈ സഖ്യം ആറാം വിക്കറ്റില്‍ ഇതേവരെ കൂട്ടിച്ചേര്‍ത്തത് 157 റണ്‍സാണ്.

അവസാനദിവസങ്ങളാകുമ്പോള്‍ സ്പിന്നിനെ തുണയ്ക്കാറുള്ള ഇന്ത്യന്‍പിച്ചുകളില്‍നിന്ന് വ്യത്യസ്തമായി മൊട്ടേര നാലാംദിനം നിഷ്പക്ഷമായി നിലകൊണ്ടു. ഇന്ത്യന്‍ സ്പിന്നര്‍മാരായ പ്രഗ്യാന്‍ ഓജയും അശ്വിനുംകൂടി നാലാംദിനമെറിഞ്ഞത് 57 ഓവറുകളാണ്. ഓജ നേടിയ രണ്ടുവിക്കറ്റുകളാണ് ആകെ നേട്ടം. വിക്കറ്റ് നഷ്ടമില്ലാതെ 111 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഞായറാഴ്ച കളി തുടങ്ങിയത്.

Advertisement