മിര്‍പുര്‍: 2011 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ജയത്തോടെ പ്രയാണം തുടങ്ങി. 2007ലെ ലോകകപ്പില്‍ ഇന്ത്യയുടെ വഴിമുടക്കിയ ബംഗ്ലാദേശിനെ 87 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ആള്‍റൗണ്ടര്‍ പ്രകടനത്തിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. സെഞ്ചറി നേടിയ വീരേന്ദ്ര സെവാഗാണ് മാന്‍ ഒഫ് ദി മാച്ച്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ വീരേന്ദ്ര സെവാഗിന്റെയും(175) വിരാട് കോഹ് ലിയുടേയും (100) സെഞ്ചറി മികവിലായിരുന്നു ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍.

സച്ചിനായിരുന്നു സെവാഗിനൊപ്പം ഓപ്പണിംഗ് തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 69 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് സച്ചിനെ നഷ്ടമായി. ലെഗ്‌സൈഡിലേക്ക് തട്ടിയിട്ട് റണ്‍സിനായി സച്ചിന്‍ ഓടിയെങ്കിലും സെവാഗ് അനങ്ങിയില്ല. തുടര്‍ന്ന് ഗംഭീര്‍ (39) സെവാഗിനൊപ്പം 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോഹ്‌ലി സെവാഗിനൊപ്പം ടീം ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. സെവാഗ് വീണതോടെ ക്രീസിലെത്തിയ പഠാന്‍ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ടീം ഇന്ത്യയുടെ സ്‌കോര്‍ 370 ആയിരുന്നു.

140 പന്തില്‍ നിന്ന് 15 ബൗണ്ടറിയും ആറ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സെവാഗിന്റെ ഇന്നിംഗ്‌സ്. ഇതോടെ ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കാനും സെവാഗിനായി.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശും മികച്ച പ്രകടനമാണ് നടത്തിയത്. ശ്രീ ശാന്തിനും സഹീര്‍ ഖാനും തുടക്കത്തില്‍ നല്ല പ്രഹരമാണ് ലഭിച്ചത്. എന്നാല്‍ മുനാഫ് പട്ടേലിന്റെ കണിശതയാര്‍ന്ന ബൗളിംഗ് ബംഗ്ലാദേശിന് വിജയം നിഷേധിക്കുകയായിരുന്നു. മുനാഫ് പട്ടേല്‍ 48 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. രണ്ട് വിക്കറ്റ് സഹീര്‍ ഖാനും ഓരോ വിക്കറ്റ് വീതം ഹര്‍ഭജന്‍ സിംഗും യൂസഫ് പഠാനും വീഴ്ത്തി മികച്ച പിന്തുണ നല്‍കി.