കിങ്ങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. കളി തീരാന്‍ ഒരു ദിവസം അവശേഷിക്കെ 63 റണ്‍സിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. 326 റണ്‍സ് വിജയലക്ഷ്യവുമായി 3 ന് 131 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിന്262 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1- 0 ന് ഇന്ത്യ മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സിലെ മിന്നും സെഞ്ച്വറിയോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്ന രാഹുല്‍ ദ്രാവിഡാണ് കളിയിലെ കേമന്‍.

3 ന് 131 എന്ന സാമാന്യം ഭേദപ്പെട്ട നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനെ ആദ്യ അര മണിക്കൂറിനുള്ളില്‍ത്തന്നെ ഇരട്ടപ്രഹരമേല്‍പ്പിച്ച് പ്രവീണ്‍കുമാര്‍ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. 41 റണ്‍സെടുത്ത ബ്രാവോയുടെ ലെഗ് സ്റ്റംപ് പിഴുതെടുത്ത പ്രവീണ്‍ ചന്ദര്‍പോളിനെ കവറില്‍ റെയ്‌നയുടെ കൈകളിലെത്തിച്ചു. പിന്നീട് വന്ന കാള്‍ട്ടണ്‍ ബോയെ ഹര്‍ബജന്‍ അക്കൗണ്ട് തുറക്കും മുന്‍പേ പവനിയലേക്കയച്ചു.

7ാം വിക്കറ്റില്‍ ഒത്ത്കൂടിയ ക്യാപ്റ്റന്‍ സമിയും രാംപാലും ഇന്ത്യക്ക് ഭീഷണിയായി. ഹര്‍ഭജന്‍സിംഗിനെ 3 തവണ ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയ സമിയെ ഒടുവില്‍ മിശ്ര പുറത്താക്കി. 9 റണ്‍സ് എടുത്ത ബ്രണ്ടണ്‍ നാഷിന്റെ വിക്കറ്റും മിശ്ര വീഴ്ത്തി.അധികം വൈകാതെ ഇഷാന്തിന്റെ പന്തില്‍ ധോണി പിടിച്ച് രാംപാല്‍ പുറത്തായി. 26 റണ്‍സെടുത്ത ബിഷോയുടെ സ്റ്റംപ് റെയ്‌ന പിഴുതെടുത്തതോടെ വിന്‍ഡീസ് ഇന്നിംഗ്‌സിന് തിരശ്ശീലയായി. ഇന്ത്യക്ക് 63 റണ്‍സിന്റെ വിജയവും.

ഇന്ത്യക്കായി പേസ് ബൗളര്‍മാരായ ഇഷാന്ത് ഷര്‍മ്മയും പ്രവീണ്‍കുമാറും 3 വിക്കറ്റ് വീതം നേടിയപ്പോല്‍ സ്പിന്നര്‍ അമിത് മിശ്ര 2 വിക്കറ്റ് നേടി.ശേഷിച്ച 2 വിക്കറ്റുകള്‍ ഹര്‍ഭജനും റെയ്‌നയും പങ്കിട്ടു.