എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: ഫ്‌ളാഗ് മീറ്റിങ് വേണമെന്ന് ഇന്ത്യ
എഡിറ്റര്‍
Friday 11th January 2013 12:21pm

ന്യൂദല്‍ഹി: കാശ്മീരില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പൂഞ്ച് സെക്ടറില്‍ ഉള്‍പ്പെടെ മൂന്നിടങ്ങളിലാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് വെടിയുതിര്‍ത്തത്.

Ads By Google

വെടിവെയ്പ് രൂക്ഷമായതോടെ ഇന്ത്യന്‍ സൈന്യവും പ്രതികരിച്ചു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒരു പാക്ക് പട്ടാളക്കാരന്‍ കൊല്ലപ്പെട്ടു.

ഹവീല്‍ദാര്‍ മൊയ്ദീന്‍ എന്ന പട്ടാളക്കാരനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പാക്ക് പട്ടാള കമാന്‍ഡര്‍ തന്നെയാണ് വ്യക്തമാക്കിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പാക്ക് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ വീണ്ടും ഉണ്ടായത്. ഇതേ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇന്ത്യ മേന്താര്‍ സെക്ടറിലെ സൈനിക മേധാവികളുടെ ഫ്‌ളാഗ് മീറ്റിങ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ മഞ്ഞിന്റെ മറവിലെത്തിയ പാക് സൈനികര്‍ ഇന്ത്യന്‍ ലാന്‍സ് നായികുമാരായ സുധാകര്‍ സിംഗ്, ഹേമരാജ് എന്നിവരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്നു. ഇതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.

എന്നാല്‍ സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷിക്കണമെന്നാണ് പാക്ക് നിലപാട്. ഇന്ത്യ ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

Advertisement