ചെന്നൈ: അവസാന എകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 34 റണ്‍സിന് വിജയം. ഇതോടെ 4-1 പരമ്പര ഇന്ത്യ സ്വന്തമാക്കി. മനോജ് തിവാരിയുടെ കന്നി സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 50 ഓവറില്‍ ആറിന് 267 നിലയിലെത്തി. വിജയലക്ഷ്യമായ 268 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് നിരയില്‍ പൊള്ളാര്‍ഡിന്റെ (119) വെടിക്കെട്ടിനു പിന്തുണ നല്‍കിയത് ആന്ദ്രെ റസല്‍ (53) മാത്രം. അവസാനം 44.1 ഓവറില്‍ 233ന് പുറത്തായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ഗൗതം ഗംഭീര്‍ (31), രഹാനെ (0), പട്ടേല്‍(0) എന്നിവര്‍ വേഗം പുറത്തായി. രഹാനെയും പട്ടേലും ആദ്യഓവറില്‍ തന്നെ പൂജ്യത്തിനു പുറത്താവുകയായിരുന്നു. റോച്ച് രണ്ടു വിക്കറ്റ് വീഴ്ത്തി. 125 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സറും അടിച്ചാണ് മനോജ് തിവാരിയുടെ സെഞ്ച്വറി (104). 85 പന്തുകളില്‍ നിന്ന് കോഹ്‌ലി അഞ്ചു ബൗണ്ടറിയോടെ 80 റണ്‍സെടുത്തു.

അഞ്ചിന് 78 എന്ന നിലയില്‍ ഒത്തുചേര്‍ന്ന പൊള്ളാര്‍ഡും റസലും ആറാം വിക്കറ്റിന് നേടിയ 89 റണ്‍സ് ആണ് വിന്‍ഡീസിന്റെ മികച്ച കൂട്ടുകെട്ട്. ആറിന് 167 എന്ന സ്‌കോറില്‍ റസല്‍ പുറത്തായതിനു ശേഷം ക്യാപ്റ്റന്‍ ഡാരന്‍ സാമി(3), നരൈന്‍(8), റോച്ച്(0) എന്നിവരെ മറുവശത്ത് സാക്ഷിയാക്കിയായിരുന്നു പൊള്ളാര്‍ഡ് ഏകദിനത്തില്‍ ആദ്യ സെഞ്ചുറിയിലേക്കു കുതിച്ചത്.

ബൗണ്ടറി ലൈനില്‍ വിരാട് കോഹ്‌ലി ക്യാച്ച് വിട്ടുകളയുകയും പന്ത് അതിര്‍ത്തി കടക്കുകയും ചെയ്തതോടെയാണ് സെഞ്ചുറി പൂര്‍ത്തിയായത്. 110 നേരിട്ട പൊള്ളാര്‍ഡ് പത്ത് സിക്‌സും നാലു ഫോറും നേടി. പത്താം വിക്കറ്റില്‍ മാര്‍ട്ടിനൊപ്പം(0) 20 റണ്‍സ് ചേര്‍ത്ത പൊള്ളാര്‍ഡ് റെയ്‌നയുടെ പന്തില്‍ അജിങ്ക്യ രഹാനെയ്ക്കു ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും ഇര്‍ഫാന്‍ പഠാന്‍, അഭിമന്യു മിഥുന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Malayalam News
Kerala News in English