പെര്‍ത്ത്:  ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനുശേഷം ആദ്യമായാണ് ഇന്ത്യയും ലങ്കയും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.  ശ്രീലങ്ക ഉയര്‍ത്തിയ 233 റണ്‍സ് എന്ന ലക്ഷ്യം 46.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്കന്‍ നിരയില്‍ 81 പന്തില്‍ നാലു ബൗണ്ടറി സഹിതം 64 റണ്‍സെടുത്ത ദിനേഷ് ചാണ്ടിമാലാണ് ടോപ്‌സ്‌കോര്‍. തിലക രത്‌നെ ദില്‍ഷന്‍ 79 പന്തില്‍ 48 റണ്‍സെടുത്തു. കുമാര്‍ സങ്കക്കാര (26), മഹേല ജയവര്‍ധന (23), ആഞ്ചലോ മാത്യൂസ് (33 നോട്ടൗട്ട്) എന്നിവരാണ് ശ്രീലങ്കയുടെ സ്‌കോര്‍ 233 ല്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും സഹീറും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. വിനയ്കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലി (77), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (48), ആര്‍. അശ്വിന്‍ (30 നോട്ടൗട്ട്), രവീന്ദ്ര ജഡേജ-സുരേഷ് റെയ്‌ന എന്നിവര്‍ 24 റണ്‍സ് വീതവും നേടി. സെവാഗും രോഹിത് ശര്‍മ്മയും പത്തു റണ്‍സെടുത്ത് പുറത്തായി. ധോനി 4 റണ്‍സില്‍ മടങ്ങി. ശീലങ്കയ്ക്കു വേണ്ടി ആഞ്ചലോ മാത്യൂസ് രണ്ടു വിക്കറ്റുകളും ലസിത് മലിംഗ, പ്രസാദ്, പെരേര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഇന്ത്യന്‍ താരം അശ്വിനാണ് കളിയിലെ താരം.

Malayalam News

Kerala News in English