സെഞ്ചൂറിയന്‍: നാട്ടിലെ തുടര്‍ജയങ്ങള്‍ക്കും പരമ്പര നേട്ടങ്ങള്‍ക്കും ശേഷം ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീമിനെ കാത്തിരുന്നത് ആദ്യ മത്സരത്തിലെ പരാജയമായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ കോഹ്‌ലിയ്ക്കും സംഘത്തിനും വിജയത്തിനും പരമ്പര നഷ്ടത്തിനുമിടയില്‍ ഇനി വെറും 287 റണ്‍സിന്റെ ദൂരമാണുള്ളത്.

ഒരു ദിവസത്തെ കളി പൂര്‍ണ്ണമായും ശേഷിക്കെ ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 258 റണ്‍സിനു പുറത്താക്കിയാണ് ഇന്ത്യ 287 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചത്. നാലാം ദിവസത്തെ കളിയവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെയാണ് ഡൂപ്ലെസിയെയും സംഘത്തെയും ഇന്ത്യ 258 നു പുറത്താക്കിയത്.

ഇന്ത്യക്കായി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് ശര്‍മ്മയും രണ്ടും വിക്കറ്റ് വീഴ്ത്തി ഷമിയ്ക്ക് പിന്തുണയേകി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എല്‍ഗറിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

എല്‍ഗര്‍ 61 ഉം ഡിവില്ലിയേഴ്‌സ് 80 ഉം റണ്‍സ് നേടി. അവസാന നിമിഷം വരെ പൊരുതിയ നായകന്‍ ഡുപ്ലെസി 48 റണ്‍സെടുത്തു. ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 335 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 307 റണ്‍സിനാണ് പുറത്തായത്. മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ട മത്സരത്തില്‍ കരിയറിലെ 21ാം സെഞ്ച്വറി തികച്ച കോഹ്‌ലി 217 പന്തുകള്‍ നേരിട്ട് 153 റണ്‍സാണ് നേടിയത്.