അഹമ്മദാബാദ്: നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് പരാജയപ്പെട്ടുത്തി ഇന്ത്യ സെമിഫൈനലില്‍.ഇന്ത്യയും പാകിസ്ഥാനും ഫൈനല്‍ ബര്‍ത്തിനായി മാര്‍ച്ച് 30ന് മൊഹാലിയില്‍ ഏറ്റുമുട്ടും. ആവേശകരമായ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്ന 261 റണ്‍സ് 47.4 ഓവറില്‍ മറികടന്നു.ലോക കപ്പ് ക്രിക്കറ്റിലെ പതിനൊന്ന് വര്‍ഷം നീണ്ട ഓസീസ് ആധിപത്യത്തിനാണ് ഇന്ന് തിരശീല വീണത്.

നായകന്‍ റിക്കി പോണ്ടിംഗിന്റെ സെഞ്ചുറി മികവിലാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. ലോകകപ്പില്‍ ഇതുവരെ ഫോമിലെത്താതിരുന്നില്ലെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ പോണ്ടിങ് തന്റെ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. പത്താം ഓവറില്‍ ക്രീസിലെത്തിയ പോണ്ടിംഗ് 118 പന്തില്‍ ഏഴു ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 104 റണ്‍സെടുത്ത് 49ാം ഓവറിലാണ് പുറത്തായയത്. ഷെയ്ന്‍ വാട്‌സണ്‍ 25 റണ്‍സും ഡേവിഡ് ഹസ്സി 38 (നോട്ടൗട്ട്) റണ്‍സും നേടി.

സച്ചിന്റെയും(53) ഗംഭീറിന്റെയും(50), യുവരാജ് സിംഗിന്റെയും( നോട്ടൗട്ട്) അര്‍ധസെഞ്ചുറികളിലൂടെയാണ് ഇന്ത്യ ഓസീസ് ആധിപത്യത്തിന് അവസാനമിട്ടത്്.തുടക്കത്തിലെ സേവാഗിനെ നഷ്ടമായശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യയെ താങ്ങി നിര്‍ത്തി. ഇന്നും കളിയിലെ താരം യുവരാജാണ്.

സച്ചിന്‍ ഏകദിനത്തില്‍ 18,000 റണ്‍സ് തികയ്ക്കുന്ന ആദ്യതാരമായി. 451 ഏകദിനങ്ങളില്‍ നിന്നാണ് 18,000 തികച്ചത്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് 50 ഓവറില്‍ ആറ് വിക്കറ്റിന് 260 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. റിക്കി പോണ്ടിങ്ങിന്റെ സെഞ്ച്വറിയുണ്ടെങ്കിലും ഓസീസ് ഇന്നിങ്‌സ് 260 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.

ഇന്ത്യക്ക് വേണ്ടി സഹീര്‍, യുവരാജ്, അശ്വിന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ മുഖ്യ സ്പിന്നറായ ഹര്‍ഭജന് വിക്കറ്റൊന്നും ലഭിച്ചില്ല.