ന്യൂദല്‍ഹി: നൂതനസാങ്കേതിക വിദ്യാകൈമാറ്റത്തിനുള്ള നിരോധനം നീക്കിയ അമേരിക്കന്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള ചര്‍ച്ചക്കുശേഷം നടത്തിയ സംയുക്തപ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആണവ-പ്രതിരോധ, വിദ്യഭ്യാസം, വാണിജ്യ-വ്യാവസായിക മേഖലകളില്‍ പരസ്പരബന്ധം മെച്ചപ്പെടുത്താന്‍ ഇരുരാഷട്രങ്ങളും തീരുമാനിച്ചു. ഇന്ത്യയിലെ ആണവമേഖല അടക്കമുള്ള സുപ്രധാനമേഖലകളിലേക്ക് അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അണ്വായുധമില്ലാത്ത ഒരുലോകത്തിനായും ആഗോള നിരായുധീകരണത്തിനായും ഇരുരാഷ്ട്രങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി.

ആഫ്രിക്കയിലേയും അഫ്ഗാനിസ്താനിലേയും വികസനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി. കാലവസ്ഥാവ്യതിയാനം ചെറുക്കുന്നതിന് ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ബരാക് ഒബാമ വ്യക്തമാക്കി. വിദ്യാഭ്യാസം, കാര്‍ഷിക മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനും ധാരണയായതായും ഒബാമ വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരം അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് ഒബാമ വ്യക്തമാക്കി. എന്നാല്‍ തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. പുറംജോലികരാറിനെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഒബാമ തയ്യാറായില്ല.

യു എന്നില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ സംബന്ധിച്ചും വ്യക്തമായ പ്രതികരണമൊന്നും ഒബാമയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇക്കാര്യത്തില്‍ വൈകീട്ട് പാര്‍ലമെന്റില്‍ നടത്തുന്ന പ്രസംഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ഒബാമ പറഞ്ഞു.