ബീജിംഗ്: കഴിഞ്ഞ വര്‍ഷം ചൈനക്കു നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയും യു.എസ്സുമാണെന്ന് ചൈനീസ് സര്‍ക്കാര്‍.
ചൈനീസ് സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ പകുതിയിലധികവും വിദേശരാജ്യങ്ങളില്‍നിന്നാണെന്നും ഇവയില്‍ ഇന്ത്യയ്ക്കും യു.എസ്സിനുമാണ് പ്രധാനപങ്കെന്നുമാണ് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 493,000 സൈബര്‍ ആക്രമണങ്ങളാണ് ചൈനയ്ക്ക് നേരിടേണ്ടി വന്നത്. ഇതില്‍ 14.7 ശതമാനം ആക്രമണങ്ങള്‍ യു.എസ്സില്‍നിന്നും 8 ശതമാനം ആക്രമണങ്ങള്‍ ഇന്ത്യയില്‍നിന്നുമാണെന്നും ചൈന കുറ്റപ്പെടുത്തുന്നു.

അതേസമയം യു.എസ്, ദക്ഷിണ കൊറിയ, ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുടെയും ആസിയാന്‍, ഐ.ഒ.സി തുടങ്ങിയ സംഘടനകളുടെയും വെബ്‌സൈറ്റുകള്‍ ചൈന ഹാക്ക് ചെയ്തതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇന്ത്യയെയും യു.എസ്സിനെയും കുറ്റപ്പെടുത്തുമ്പോഴും തങ്ങള്‍ക്കെതിരെ വന്ന ഈ ആരോപണത്തോട് ചൈന മൗനം അവലംബിക്കുകയാണ് ചെയ്യുന്നത്.