മാലെ: മാലെയുടെ ജനാധിപത്യ സംവിധാനം നശിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് മാലെ വിദേശകാര്യമന്ത്രാലയം. മാലെദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന് ഇന്ത്യന്‍എംബസിയില്‍ അഭയം നല്‍കിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മാലെ സര്‍ക്കാര്‍.

ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് മാലെ വിദേശ കാര്യമന്ത്രി അബ്ദുള്‍സമദ് അബ്ദുള്ളയുമായി സംസാരിച്ചു.വിഷയത്തില്‍ പുരോഗതിയുണ്ടെന്നും ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു.

നഷീദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചിരുന്നു. അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് സ്വതന്ത്രമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമുണ്ടാക്കണമെന്നും രാഷ്ട്രീയനേതാക്കളെ തടയുന്നത് ജനാധിപത്യത്തിന് മങ്ങലേല്‍പിക്കുമെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു. 

Ads By Google

ഇതാണ് മാലെ ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഇരു രാജ്യങ്ങളുംതമ്മില്‍ ചര്‍ച്ച നടത്തുന്നതിന് പകരം ഇന്ത്യ പരസ്യ പ്രസ്താവന നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന് മാലെ വിദേശകാര്യവക്താവ് വ്യക്തമാക്കി.

നഷീദിന്റെ വിചാരണ മാലെയുടെ ആഭ്യന്തരകാര്യമാണ്. പ്രോസിക്യൂട്ടര്‍ ജനറലിന്‍േറയും കോടതിയുടെയും പരിഗണനയിലുള്ള വിഷയമാണത്. ഇതിനെ മറികടക്കാനോ നിയന്ത്രിക്കാനോ എക്‌സിക്യുട്ടീവിന് കഴിയില്ലെന്നും വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ഭയന്ന് മുഹമ്മദ് നഷീദ് മാലെയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്. 2008 ല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസിഡണ്ടായിരുന്നു അദ്ദേഹം. അധികാരത്തിലെത്തി കുറച്ച് കാലത്തിന് ശേഷം സൈനിക മേധാവികള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പദ്ധതി നടത്തിയതോടെയാണ് പ്രസിഡണ്ട് സ്ഥാനം നഷീദ് ഒഴിയുന്നത്.