വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആയുധം വാങ്ങിയ രാജ്യം ഇന്ത്യ, വില്‍പനയില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യം അമേരിക്കയും. യു.എസ്.കോണ്‍ഗ്രസ് കമ്മിറ്റിയാണ് 2010ലെ ആയുധ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

580 കോടി ഡോളറിന്റെ ആയുധമാണത്രെ കഴിഞ്ഞ വര്‍ഷം ഇന്ത്യ വാങ്ങിക്കൂട്ടിയത്! തായ്‌വാനാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യ മൂന്നാം സ്ഥാനത്തും പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തുമാണ്.

റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങിയത്. ഇസ്രയേല്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ആയുധം വാങ്ങിയിട്ടുണ്ട്

കഴിഞ്ഞ വര്‍ഷം ലോകത്ത് 4040 കോടി ഡോളറിന്റെ ആയുധ വ്യാപാരമാണ് നടന്നത്. ലോകത്ത് ആയുധക്കച്ചവടം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2003ന് ശേഷം ഏറ്റവും കുറവ് ആയുധ വ്യാപാരം നടന്നത് കഴിഞ്ഞ വര്‍ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.