ന്യൂദല്‍ഹി: ഈ വര്‍ഷം തന്നെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട. നിലവില്‍ ജപ്പാന് പിറകിലായി നാലാം സ്ഥാനത്താണ് ഇന്ത്യന്‍ സമ്പദ്ഘടന. അമേരിക്കയും ചൈനയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

2010ലെ കണക്കനുസരിച്ച് ജാപ്പനീസ സമ്പദ്ഘടന 4.06 ലക്ഷം കോടി ഡോളറിന്റേതാണ് (4.06 ട്രില്യന്‍ ഡോളര്‍). ഇന്ത്യന്‍ സമ്പദ്ഘടനയാകട്ടെ, 4.31 ലക്ഷം കോടി ഡോളറിന്റേതും (4.31 ട്രില്യന്‍ ഡോളര്‍). എന്നാല്‍ അടുത്തിടെയുണ്ടായ സുനാമിയും ഭൂകമ്പവും ജപ്പാന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യന്‍ സമ്പദ്ഘടന 78 ശതമാനമെങ്കിലും വളര്‍ച്ച പ്രതീക്ഷിക്കുന്നുമുണ്ട്. ഇതോടെ, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അടിസ്ഥാനത്തില്‍ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയും ജപ്പാനും ഈ വര്‍ഷം ഒപ്പത്തിനൊപ്പമാകുമെന്നായിരുന്നു അനുമാനം. എന്നാല്‍ ഐഎംഎഫിന്റെ ഇപ്പോഴത്തെ കണക്കനുസരിച്ച് ജാപ്പനീസ് സമ്പദ്ഘടന ഈ വര്‍ഷം 0.7 ശതമാനം ചുരുങ്ങുമ്പോള്‍ ഇന്ത്യ 8.2 ശതമാനം വളര്‍ച്ച കൈവരിക്കും.

പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട പ്രകാരം ഇന്ത്യ 2010ലേ ജപ്പാനെ മറികടന്നു കഴിഞ്ഞു. 2011 അവസാനത്തോടെ ഇന്ത്യന്‍ സമ്പദ് ഘടന അഞ്ച് ലക്ഷം കോടി ഡോളര്‍ (അഞ്ച് ട്രില്യന്‍ ഡോളര്‍) കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.